NEWS UPDATE

6/recent/ticker-posts

മറക്കളം നിറഞ്ഞാടി കേളൻ, ചൂട്ടാട്ട നൃത്തമാടി കുലവനും; വൻ ജനാവലിയെ സാക്ഷിയാക്കി കൊളത്തുങ്കാൽ തറവാട്ടിൽ തെയ്യംകെട്ടുത്സവത്തിന് പരിസമാപ്തി

പാലക്കുന്ന്: ഒന്നര നൂറ്റാണ്ടിന് ശേഷം ഇഷ്ട ദൈവങ്ങളുടെ പാദസ്പർശമേറ്റ മണ്ണിൽ കണ്ണും മനസും നിറഞ്ഞാണ് തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട്ടിൽ നിന്ന് പുരുഷാരം മറക്കളമൊഴിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ പൊട്ടൻ തെയ്യത്തിന് ശേഷം ഉച്ചയ്ക്ക് വിഷ്ണുമുർത്തി അരങ്ങിലെത്തി വൈകീട്ട് കോരച്ചൻ കാർന്നോൻ തെയ്യങ്ങൾ ഭക്തർക്ക് ദർശനമേകി.[www.malabarflash.com] 

 രാത്രി 10 മണിയോടെ മറക്കളത്തിലെത്തിയ കണ്ടനാർ കേളനെ ആയിരങ്ങൾ ആർപ്പുവിളിയോടെയാണ്‌ വരവേറ്റത്. ഏറ്റവും ശ്രദ്ധേയമായ ബപ്പിടൽ കാണാൻ ദേശമൊന്നാകെ തറവാട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മറക്കളത്തിന് ചുറ്റും സ്ത്രീകളും പുരുഷന്മാരുമടക്കം പതിനായിരത്തിളേറെ പേർ തടിച്ചു കൂടി.

തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും ആളുകൾ തൃക്കണ്ണാട് തെയ്യംകെട്ട് കാണാനെത്തി. ആദ്യമായി വയനാട്ടുകുലവൻ തെയ്യംകെട്ട് കാണാനെത്തിയവർക്ക് പ്രത്യേക ഇടം ആഘോഷകമ്മിറ്റി ഒരുക്കികൊടുത്തു.
ഇത് പോലൊരു ഉത്സവം ആദ്യമായി കണ്ട സന്തോഷം അവർ പങ്കുവെച്ചു.

ചൊവ്വാഴ്ച രാവിലെ മുതൽ കാർന്നോൻ, കോരച്ചൻ കണ്ടനാർ കേളൻ തെയ്യങ്ങളുടെ പുറപ്പാടിന് ശേഷമാണ് വയനാട്ടുകുലവൻ മറക്കളത്തിലെത്തിയത്. ചൂട്ടാട്ട നൃത്തവുമായി കുലവൻ മറക്കളത്തിൽ നൃത്തമാടിയത് ഭയ ഭക്തി ബഹുമാനത്തോടെ സർവരും കൺകുളിർക്കെ കണ്ടു. മതസൗഹാർദ്ദം വിളിച്ചോതി ബോനം കൊടുക്കലും ചൂട്ടൊപ്പിക്കലും നടന്നു. രാത്രി മറപിളർക്കലോടെ ഉത്സവം സമാപിച്ചു. തുടർന്ന് വിളക്കിലരിയ്ക്ക് ശേഷം കൈവീതും ഉണ്ടായിരുന്നു. 

മൂന്ന് ദിവസങ്ങളിലായി അരലക്ഷത്തിലേറെ ജനങ്ങൾ ഭക്ഷണശാലയിലെത്തിയെന്ന് ചെയർമാൻ സി. എച്ച്. നാരായണനും വർക്കിംഗ്‌ ചെയർമാൻ പി. പി. ചന്ദ്രശേഖരനും തറവാട് പ്രസിഡന്റ്‌ പി. കുഞ്ഞിക്കണ്ണനും പറഞ്ഞു. 

Post a Comment

0 Comments