NEWS UPDATE

6/recent/ticker-posts

സിവില്‍ സര്‍വീസ് പരീക്ഷയിൽ രണ്ട് ആയിഷമാർക്ക് ഒരേ റോള്‍ നമ്പറില്‍ ഒരേ റാങ്ക്; ഒരാൾ സർവീസിലേക്കും ഒരാൾ ജയിലിലേക്കും

2022ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം ഇക്കഴിഞ്ഞ ദിവസമാണ് യുപിഎസ്‌സി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ചില വിവാദങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ആയിഷ എന്ന് പേരുള്ള രണ്ട് വിദ്യാര്‍ത്ഥിനികളാണ് ഒരേ റോള്‍ നമ്പറിൽ പരീക്ഷയെഴുതുകയും അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.[www.malabarflash.com] 

ഇരുവര്‍ക്കും പരീക്ഷയില്‍ ലഭിച്ചത് 184-ാം റാങ്കെന്നും ഇവർ അവകാശപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ വിശദമായ അന്വേഷണത്തിന് ശേഷം പുറത്ത് വന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയപ്പോൾ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡിലാണ് ഈ വ്യത്യാസം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ദേവാസില്‍ നിന്നുള്ള ആയിഷ ഫാത്തിമയും മറ്റൊരാള്‍ അലിരാജ്പൂരില്‍ നിന്നുള്ള ആയിഷ മക്രാനിയുമാണ്.

ആയിഷ ഫാത്തിമയുടെ അഡ്മിറ്റ് കാര്‍ഡില്‍ യുപിഎസ്‌സിയുടെ വാട്ടര്‍മാര്‍ക്ക് ചിഹ്നം ഉണ്ടായിരുന്നു. എന്നാല്‍ ആയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്‍ഡ് ഒരു സാധാരണ പേപ്പറിലെടുത്ത പ്രിന്റ് ഔട്ട് ആണെന്ന് മനസിലായി. കൂടാതെ ആയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്‍ഡില്‍ ക്യൂആര്‍ കോഡ് ഇല്ലായിരുന്നു. എന്നാല്‍ ആയിഷ ഫാത്തിമയുടെ അഡ്മിറ്റ് കാര്‍ഡില്‍ ക്യൂആര്‍ കോഡ് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ അഡ്മിറ്റ് കാര്‍ഡുകളിലെ അഭിമുഖപരീക്ഷ സംബന്ധിച്ച തീയതിയിലും ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ആയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്‍ഡിലെ അഭിമുഖപരീക്ഷ തീയതി ഏപ്രില്‍ 25 ആണ്. വ്യാഴാഴ്ചയാണ് ആ ദിവസം എന്നാണ് ഇവരുടെ അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആയിഷ ഫാത്തിമയുടെ അഡ്മിറ്റ് കാര്‍ഡില്‍ ആ ദിവസം ചൊവ്വാഴ്ചയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കലണ്ടറിലെ യഥാർത്ഥ ദിനവുമായി യോജിക്കുന്ന തീയതിയും ഇതു തന്നെയാണ്.

എന്നാല്‍ തനിക്ക് യുപിഎസ്സിയില്‍ നിന്ന് ലഭിച്ച ഇമെയില്‍ സന്ദേശവും ആയിഷ മക്രാനി സമര്‍പ്പിച്ചിരുന്നു. പേരിന്റെ സാമ്യത കാരണം തന്റെ പേര് ആയിഷ ഫാത്തിമ എന്നാക്കി മാറ്റിയെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നതെന്നാണ് ആയിഷ മക്രാനിയുടെ വാദം. ഇതിന് ശേഷവും തനിക്കെതിരെയാണ് വഞ്ചനാക്കുറ്റം ആരോപിക്കുന്നത് എന്നും അവര്‍ പറയുന്നു.

എന്നാല്‍ ദേവാസില്‍ തന്റെ വിജയം വളരെയധികം ആത്മവിശ്വാസത്തോടെ ആഘോഷിക്കുകയാണ് ആയിഷ ഫാത്തിമ. ദേവാസിലെ വിന്ധ്യാചല്‍ സ്‌കൂളിലാണ് ആയിഷ ഫാത്തിമ 11 -ാം ക്ലാസ്സ് വരെ പഠിച്ചത്. പ്രദേശത്തെ മോഡല്‍ സ്‌കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപകരാണ് ആയിഷ ഫാത്തിമയുടെ മാതാപിതാക്കള്‍.

ജിഇഇ പോലുള്ള മത്സരപ്പരീക്ഷകളില്‍ വിജയം നേടിയയാളാണ് ആയിഷ ഫാത്തിമ. ഇന്‍ഡോറിലെ എസ്ജിഎസ്‌ഐടിഎസ് കോളേജില്‍ നിന്ന് ഇലക്ട്രിക്കൽ എന്‍ജീനിയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. 2019ലാണ് ആയിഷ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി പഠിച്ച് തുടങ്ങിയത്.

അതേസമയം പേരിലെ ആശങ്കയില്‍ അന്തിമ തീരുമാനം പുറത്തിറക്കി യുപിഎസ്‌സി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് യുപിഎസ്‌സി ഈ വിഷയത്തില്‍ തീരുമാനം അറിയിച്ചത്. ആയിഷമാരിൽ ഒരാള്‍ പ്രിലിംസ് പരീക്ഷയില്‍ തന്നെ പരാജയപ്പെട്ടിട്ടുണ്ട് എന്നാണ് അധികൃതര്‍ നല്‍കിയ വിവരം.

” വളരെ ശക്തവും സുതാര്യവുമായ സംവിധാനമാണ് യുപിഎസ്‌സിയുടേത്. അതില്‍ പിശകുകള്‍ വരാനുള്ള സാധ്യതയില്ല,” എന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

തുടര്‍ന്ന് യുപിഎസ്സിയുടെ പേരില്‍ ആയിഷ മക്രാനി വ്യാജ രേഖ ചമച്ചതായി കണ്ടെത്തിയിരുന്നു. ആയിഷ മക്രാനിയുടെ യഥാര്‍ത്ഥ റോള്‍ നമ്പര്‍ 7805064 ആണ്. യുപിഎസ് സി പ്രിലിമിനറി പരീക്ഷ പാസാകാനുള്ള മാര്‍ക്ക് ഇവർ നേടിയിരുന്നില്ല.

എന്നാല്‍ ആയിൽ ഫാത്തിമയുടെ റോള്‍ നമ്പര്‍ 7811744 ആണ്. യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 184-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്.

Post a Comment

0 Comments