NEWS UPDATE

6/recent/ticker-posts

കർണാടകയിലെ മലയാളിത്തിളക്കം; യു.ടി ഖാദറും കെ.ജെ. ജോർജും എൻ.എ. ഹാരിസും ജയിച്ചു

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ, വിജയം കൊയ്‌തവരിൽ മലയാളി വേരുകളുള്ള മൂന്നുപേരും. കെ.ജെ. ജോര്‍ജ്, യു.ടി. ഖാദര്‍, എൻ.എ. ഹാരിസ് എന്നിവരാണ് ജയിച്ചുകയറിയത്. കെ.ജെ. ജോര്‍ജും യു.ടി. ഖാദറും മുന്‍ മന്ത്രിമാരാണ്.[www.malabarflash.com]


സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍നിന്നാണ് ജോര്‍ജ് ജയിച്ചത്. ബി.ജെ.പിയുടെ പത്മനാഭ റെഡ്ഡിയെ അരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് വീണ്ടും നിയമസഭയിലെത്തുന്നത്. കോട്ടയത്തെ ചിങ്ങവനത്തുനിന്ന് കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ്. ഇരുപതാം വയസ്സില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കര്‍ണാടക ആഭ്യന്തര മന്ത്രി പദവിവരെ വഹിച്ചു. 2018ല്‍ കുമാരസ്വാമി മന്ത്രിസഭയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. സര്‍വജ്ഞനഗറില്‍നിന്ന് ഇത് ആറാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്.

കാസര്‍കോട് കുടുംബ വേരുകളുള്ള യു.ടി. ഖാദര്‍ ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തിൽനിന്നാണ് ജയിച്ചത്. 22,977 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ സതീഷ് കുമ്പാളയെയാണ് തോൽപിച്ചത്. തുടർച്ചയായ അഞ്ചാം ജയമാണിത്.

ശാന്തി നഗറിൽനിന്നാണ് എൻ.എ. ഹാരിസ് ജയിച്ചത്. ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ. മത്തായി ഈ സീറ്റില്‍ മൂന്നാമതാണ്.
7000 ലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് ഹാരിസ് തുടര്‍ച്ചയായ നാലാം വിജയം നേടിയത്.

എന്‍ എ ഹാരിസ് 59994 വോടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 52858 വോടാണ് ലഭിച്ചത്. ജെ ഡി എസ് സ്ഥാനാര്‍ഥിക്ക് 807 വോടുകള്‍ മാത്രമാണ് നേടാനായത്. 2008, 2013, 2018 വര്‍ഷങ്ങളില്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ തുടര്‍ചയായ വിജയമായിരുന്നു എന്‍ എ ഹാരിസിന് ലഭിച്ചത്. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഡിയു മല്ലികാര്‍ജുനയെ 13,797 വോടുകള്‍ക്കും 2013ല്‍ ബിജെപിയിലെ കെ വാസുദേവ മൂര്‍ത്തിയെ 20,205 വോടുകള്‍ക്കും 2018ല്‍ ബിജെപിയിലെ കെ വാസുദേവ മൂര്‍ത്തിയെ തന്നെ 18,205 വോടുകള്‍ക്കും തോല്‍പിച്ചാണ് ഹാരിസ് നിയമസഭയിലെത്തിയത്.

കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ സ്വദേശിയാണ് എന്‍എ ഹാരിസ്. പിതാവും വ്യവസായിയും രാഷ്ട്രീയക്കാരനുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് ഹാരിസും രാഷ്ട്രീയത്തിലെത്തിയത്. ഹാരിസിന്റെ വിജയം കാസര്‍കോടിനും അഭിമാനമായി.

Post a Comment

0 Comments