NEWS UPDATE

6/recent/ticker-posts

ഉത്തമനും കുടുംബവും ഇനി അടച്ചുറപ്പുള്ള സ്നേഹ ഭവനത്തിൽ

പാലക്കുന്ന്: ഒറ്റമുറി കൂരയിൽ നിന്ന് അടച്ചുറപ്പുള്ള സ്നേഹ ഭവനത്തിലേക്കുള്ള ഉത്തമന്റെയും കുടുംബത്തിന്റെയും പാല് കാച്ചലിന് പാലക്കുന്ന് കഴകം പരിധിയിൽ നിന്ന് നൂറുകണക്കിനാളുകൾ ചേറ്റുകുണ്ടിലെ 'പാലക്കുന്നമ്മ' ഭവനത്തിലെത്തി.[www.malabarflash.com]

പാലക്കുന്ന് കഴകം ക്ഷേത്ര മാതൃസമിതി അതിന്റെ പത്താം വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനത്തിന് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് 'നിർധനന് വീട് പദ്ധതി'ക്ക് രൂപം നൽകിയത്. അതിന്റെ ആദ്യപടിയായി അജാനൂർ പഞ്ചായത്തിൽ ചേറ്റുകുണ്ട് പ്രാദേശിക സമിതിയിൽ പെടുന്ന ചിത്താരിയിൽ 20 വർഷമായി സ്വന്തമായി വീടില്ലാതെ, അന്യൻ സമ്മതം മൂളിയ സ്ഥലത്ത് കൂരകെട്ടി താമസിക്കുന്ന ഉത്തമന്റെ കുടുംബത്തിന് വീട് നൽകാൻ തീരുമാനിക്കുകയായിരുന്നു .

ക്ഷേത്ര ഭരണ സമിതിയുടെ പിന്തുണയും പ്രാദേശിക സമിതികളുടെ സഹകരണവും മാതൃസമിതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് ശീഘ്രത കൂട്ടി. മഴയ്ക്ക് മുൻപേ വീട് പണി പൂർത്തിയാക്കി ആ കുടുംബത്തെ മാറ്റിതാമസിപ്പിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് ക്ഷേത്ര ഭരണ സമിതിയും മാതൃസമിതിയും സമാന മനസ്കരും.

ചടങ്ങിനും പാല് കാച്ചലിനും പാലക്കുന്ന് ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും മാതൃസമിതി പ്രവർത്തകരും നേതൃത്വം നൽകി. ഗൃഹപ്രവേശത്തിനെത്തിയവർക്ക് ചേറ്റുകുണ്ട് പ്രാദേശിക സമിതിയും മാതൃസമിതിയും ചേർന്ന് പ്രഭാത ഭക്ഷണവും ക്ഷേത്ര മാതൃസമിതി പായസവും വിളമ്പി. ഉച്ചഭക്ഷണം വീട്ടുകാരും ഒരുക്കി.

Post a Comment

0 Comments