NEWS UPDATE

6/recent/ticker-posts

ഉദുമയിലെ ഭര്‍തൃമതിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ഉദുമ ബാര മുക്കുന്നോത്തെ ബാലകൃഷ്ണന്റെ മകളും ബ്യൂട്ടീഷ്യനുമായ ദേവിക(34) യാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

സംഭവമായി ബന്ധപ്പെട്ട ബോവിക്കാനം സ്വദേശിയും കാഞ്ഞങ്ങാട്ടേ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനുമായ സതീഷ് ഭാസ്‌കരനെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.

പുതിയ കോട്ടയിലെ ലോഡ്ജില്‍ വച്ചാണ് സംഭവം. കൊല്ലപ്പെട്ട ദേവികയും സതീഷും അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം ഇരുവരുടെയും കുടുംബ പ്രശ്നത്തിലേക്കെത്തിയിരുന്നു. ദേവികക്കെതിരെ സതീഷിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മേല്‍പ്പറമ്പ് പോലീസില്‍ ഇരു വിഭാഗക്കാരെയും വിളിച്ച് സംസാരിച്ചിരുന്നു. ഒരാഴ്ചയായി വീട്ടില്‍ നിന്നും മാറി നിന്നിരുന്ന സതീഷ് ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. 

ചൊവ്വാഴ്ച ബ്യൂട്ടീഷ്യന്‍മാരുടെ സംഘടനയുടെ സമ്മേളനം നടക്കുന്നതിനാല്‍ ദേവിക കാഞ്ഞങ്ങാട് വന്നിരുന്നു. ഉച്ചയോടെ ദേവികയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് കടുംകൈ ചെയ്തതെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മുക്കുന്നോത്തെ കെ വി പ്രേമയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് ദേവിക. ഭര്‍ത്താവ്: രാജേഷ് (ചെറുപുഴ). മക്കള്‍: ആദിയ, അലന്‍ (ഇരുവരും പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍) സഹോദരന്‍: ദിലീപ് കുമാര്‍ (ഗള്‍ഫ്).

Post a Comment

0 Comments