നിലമ്പൂർ: ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. മമ്പാട് തോണിക്കടവിൽ കഴിഞ്ഞ ദിവസം രാവിലെ 9.30ന് സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പോലീസ് എത്തുമ്പോൾ പുഴ കുഴിച്ച് ഖനനം നടത്തുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടതോടെ എല്ലാവരും കടന്നുകളഞ്ഞു.[www.malabarflash.com]
പുഴയിൽ ആഴത്തിൽ കുഴികളെടുത്ത് മണൽ ശേഖരിക്കുന്നു. രാത്രി മണ്ണുമാന്തി കൊണ്ട് കുഴികളെടുക്കാറുണ്ട്. 5 എച്ച്പി ശേഷിയുള്ള മോട്ടർ ഉപയോഗിച്ച് കുഴിയിലെ വെളളം വറ്റിച്ചാണ് മണലെടുപ്പ് . ശേഖരിച്ച മണൽ മരച്ചട്ടികളിലാക്കി പുഴ വെള്ളത്തിൽ അരിച്ച് സ്വർണ്ണത്തരികളെടുക്കുന്നു. മെർക്കുറി ഉപയോഗിച്ചാണ് ശുദ്ധീകരിക്കുന്നത്.
9 മോട്ടറുകൾ, പിക്കാസ്, തൂമ്പ, മരച്ചട്ടികൾ തുടങ്ങിയ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തു. എസ്ഐ എ.രാജൻ, ടി. ബിജേഷ്, ടി. ധന്യേഷ്, സി.ടി.അനസ്, അബ്ദുൽ മജീദ്, മാധവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കും. എടവണ്ണ സ്റ്റേഷൻ പരിധിയിൽ ചാലിയാറിൽ സമാന രീതിയിൽ സ്വർണ ഖനനം നടത്തുന്നുണ്ട്.
0 Comments