അബുദാബി: കള്ളപ്പണം വെളുപ്പിക്കലിന് എതിരെയുള്ള നിയമം പാലിക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. ഈ വർഷം ആദ്യ പാദത്തിൽ നിയമം ലംഘിച്ച 137 സ്ഥാപനങ്ങൾക്ക് സാമ്പത്തിക മന്ത്രാലയം 6.59 കോടി ദിർഹം പിഴ ചുമത്തി.[www.malabarflash.com]
റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, സ്വർണ, വജ്ര ആഭരണ ഡീലർമാർ തുടങ്ങി ധനവിനിമയ വിഭാഗത്തിൽപ്പെടാത്ത മറ്റു സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലെ കമ്പനികളിലും നടത്തിയ പരിശോധനയിൽ 840 സ്ഥാപനങ്ങൾ നിയമം ലംഘിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ സംഘടനകൾക്ക് ധനസഹായം നൽകൽ എന്നീ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് യുഎഇ നിഷ്കർഷിക്കുന്നത്.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പുറപ്പെടുവിച്ച രാജ്യാന്തര മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമവിരുദ്ധരുടെ പട്ടികയിൽ ഉള്ളവരുമായല്ല ഇടപാടുകൾ നടത്തുന്നത് എന്ന് ഉറപ്പാക്കുന്നതിനു വേണ്ട നയനിലപാടുകളും സംവിധാനങ്ങളും സജ്ജമാക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി (ആന്റി മണി ലോണ്ടറിങ്) അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി പറഞ്ഞു.
ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതിനായി ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്സിക്യൂട്ടീവ് ഓഫിസ് രൂപീകരിച്ച് 2021 മാർച്ചിൽ യുഎഇ നടപടി ശക്തമാക്കിയിരുന്നു. നിയമലംഘകർക്ക് 50 ലക്ഷം ദിർഹം വരെയാണ് പിഴ.
0 Comments