മലപ്പുറം: വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹത്തിന് തലേന്നു നടന്ന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.[www.malabarflash.com]
ഞായറാഴ്ചയാണ് വിവാഹം. തലേദിവസമായ ശനിയാഴ്ച രാത്രിയായിരുന്നു നിക്കാഹ് ചടങ്ങ്. നിക്കാഹില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ. പൊന്നാനി കറുകത്തിരുത്തിയില്‍നിന്നും വരന്റെ കൂടെയെത്തിവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായി.
ഞായറാഴ്ച ഉച്ചയോടെ നിരവധി പേർ വയറിളക്കവും ഛര്‍ദിയും പനിയുമായി ആശുപത്രികളില്‍ ചികിത്സതേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. നിക്കാഹിനുശേഷം നടന്ന വിരുന്നില്‍ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്.
പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വകാര്യ ആശുപത്രിയില്‍ മാത്രം 80 പേരാണ് ഞായറാഴ്ച രാത്രിവരെ ചികിത്സതേടിയത്. പുന്നയൂര്‍ക്കുളം സ്വകാര്യ ആശുപത്രിയില്‍ ഏഴും പൊന്നണി ഗവ. താലൂക്ക് ആശുപത്രിയില്‍ 40 -ഓളം പേരും ഇതിനോടകം ചികിത്സതേടിയിട്ടുണ്ട്.
യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കുമാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റത്. വിവിധ ആശുപത്രികളില്‍ ചികിത്സതേടിയ 140 -ഓളം പേരില്‍ 29 കുട്ടികളും 18 സ്ത്രീകളും ഉള്‍പ്പെടും. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ഗുരുതരവസ്ഥയില്‍ ആരുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
0 Comments