ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.[www.malabarflash.com]
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.
കോറമണ്ഡൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയിൽവേ വക്താവ് അമിതാഭ് ശർമ അറിയിച്ചു. അപകടത്തിൽ മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഒഡിഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപകടത്തെത്തുടർന്ന് 43 ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയച്ചു. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികൾ വഴിതിരിച്ച് വിട്ടതായും അധികൃതർ കൂട്ടിച്ചേർത്തു. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ചില ഇടങ്ങളിലേക്ക് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താനും റെയിൽവേ ശ്രമം നടത്തുന്നുണ്ട്.
അപകടത്തിൽപ്പെട്ട യാത്രക്കാരുടെ കുടംബാംഗങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടം നടന്ന ബഹനാഗയിലെത്തുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. രക്ഷാപ്രവർത്തനത്തിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എല്ലാവിധ സഹായങ്ങളും വാഗ്‍ദാനം ചെയ്തു.
0 Comments