NEWS UPDATE

6/recent/ticker-posts

കാപ്പാ കേസില്‍ ജയിലില്‍നിന്നിറങ്ങിയ പ്രതി 49-കാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു


അടിമാലി: കാപ്പാ കേസില്‍ ജയിലില്‍നിന്നിറങ്ങിയ പ്രതി മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിക്കല്‍ സാജന്‍(49)ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി കൊല്ലയത്ത് സിറിയക്കി (അനീഷ്-37) നെ അറസ്റ്റുചെയ്തു.[www.malabarflash.com]


നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിറിയക്കിനെ കാപ്പ ചുമത്തി പോലീസ് മുമ്പ് പിടികൂടിയിരുന്നു. നാളുകളായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രണ്ടരമാസം മുന്‍പാണ് പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ സാജന്റെ വീട്ടിലെത്തിയ സിറിയക് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. വെട്ടിക്കൊല്ലുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വരുംവഴി വാക്കത്തി നഷ്ടപ്പെട്ടു. തുടര്‍ന്ന്, കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. സാജന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

നാട്ടുകാര്‍ കൂടിയതോടെ പ്രതി ഇരുട്ടില്‍ മറഞ്ഞു. രാത്രിതന്നെ പോലീസ് ഇയാളെ കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ സാജന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

സിറിയക്കിന്റെ കൂടെ താമസിച്ചിരുന്ന യുവതിയുടെ മകനെ സാജന്‍ നേരത്തെ മര്‍ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments