തിരുവനന്തപുരം : കോവളത്ത് വിവാഹ പന്തലിൽ നിന്നും നവവധുവിനെ പോലീസ് ബലമായി പിടിച്ച് കൊണ്ടുപോയതായി പരാതി. സംഭവത്തിൽ വരന്റെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വിവാഹത്തിനായി എത്തിയ വധുവിനെ പോലീസ് ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.[www.malabarflash.com]കായംകുളം സ്വദേശിനി ആൽഫിയയെയാണ് ബന്ധുക്കളുടെ പരാതിയിൽ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. കോവളം സ്വദേശിയായ അഖിലുമായി പ്രണയത്തിലായിരുന്ന ആൽഫിയ ജൂൺ പതിനാറിന് അഖിലുമായുള്ള വിവാഹത്തിനായി വീടുവിട്ട് ഇറങ്ങിയിരുന്നു. ആൽഫിയ വീട് വിട്ടിറങ്ങിയതിന് പിന്നാലെ ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയും പോലീസിന്റെ സാനിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ആൽഫിയയുടെ ഇഷ്ടത്തിന് അനുസരിച്ച് കഴിയാൻ തീരുമാനം എടുക്കുകയും ചെയ്തു. അൽഫിയയുടെ ബന്ധുക്കൾ പരാതി പിൻവലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ആൽഫിയയുടെയും അഖിലിന്റേയും വിവാഹം കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിൽവെച്ച് നടക്കാനിരിക്കെ പോലീസെത്തി ആൽഫിയയെ ബലമായി പിടിച്ച് കൊണ്ടുപോകുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് ആവിശ്യപെട്ടെങ്കിലും പോലീസ് സമ്മതിച്ചില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കായംകുളത്ത് എത്തിച്ച ആൽഫിയയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇഷ്ടാനുസരണം പോകാൻ കോടതി അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കോവളം കേസ് റോഡിലെ ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹിതരായി.
0 Comments