NEWS UPDATE

6/recent/ticker-posts

ശവഭോഗം ബലാത്സംഗ പരിധിയില്‍ പെടില്ല; പ്രതിയെ വെറുതെ വിട്ട് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ എന്താണ് ശിക്ഷ? പ്രതിയെ പീഡനത്തിനോ ബലാത്സംഗത്തിനോ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു സാധ്യമാകുമോ?. ഇല്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി വ്യക്തമാക്കുന്നത്.[www.malabarflash.com]

ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ ഐപിസി.376 വകുപ്പ് പ്രകാരം ശിക്ഷിക്കാന്‍ കഴില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടു. കൂടാതെ ശവരതി ബലാത്സംഗ കുറ്റപരിധിയില്‍കൊണ്ടുവരാന്‍ നിയമഭേദഗതിക്കു കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശവും നല്‍കി. ജസ്റ്റിസുമാരായ വെങ്കിടേഷ് നായിക്, ബി. വീരപ്പ എന്നിവരാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയേക്കാവുന്ന വിധി പ്രസ്താവിച്ചത്.

തുമക്കൂരുവിൽ 2015 ജൂൺ 25ന് കംപ്യൂട്ടർ ക്ലാസിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ 21 വയസുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 22 വയസുകാരൻ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ച് നടപടി. 

2017 ഓഗസ്റ്റിൽ കൊലപാതക കുറ്റത്തിന് വിചാരണ കോടതി ഇയാൾക്കു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബലാത്സംഗ കുറ്റത്തിനു മറ്റൊരു 10 വർഷവും തടവു വിധിച്ചു. ഇതിനെ ചോദ്യം ചെയ്തു പ്രതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ശവഭോഗത്തിനു ശിക്ഷ വിധിക്കാൻ വ്യവസ്ഥയില്ലെന്ന് ഇയാൾ വാദിച്ചു. മൃതദേഹത്തെ വ്യക്തിയായി കണക്കാക്കാൻ കഴിയില്ലെന്ന കാരണമാണു ചൂണ്ടിക്കാണിച്ചത്. തുടർന്നാണു കോടതി ബലാത്സംഗ കുറ്റം തള്ളി, കൊലക്കുറ്റത്തിനു മാത്രമായി ശിക്ഷ ചുരുക്കിയത്.

ബ്രിട്ടന്‍, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ശവഭോഗം ക്രിമിനല്‍ കുറ്റമാണെന്നു ചൂണ്ടികാണിച്ചാണു കോടതി സര്‍ക്കാരിനോടു നടപടിക്കു നിര്‍ദേശിച്ചത്. ഐപിസി 377 ഭേദഗതി ചെയ്തു ശവഭോഗവും കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണു കോടതി നിര്‍ദേശം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. മൃതദേഹങ്ങളോട് അനാദരമായി പെരുമാറുന്നതു തടയാനാണിത്.

Post a Comment

0 Comments