NEWS UPDATE

6/recent/ticker-posts

മകനെ കൊന്നതിന് പ്രതികാരം; ഒന്നരവര്‍ഷത്തിനുശേഷം കാമുകന്റെ ജീവനെടുത്ത് 40-കാരി, രണ്ടാമത്തെ കൊലപാതകം

വിശാഖപട്ടണം: ഒന്നരവര്‍ഷം മുന്‍പ് മകനെ കൊലപ്പെടുത്തിയ തന്റെ മുന്‍കാമുകനെ വകവരുത്തി 40-കാരിയുടെ പ്രതികാരം. ആന്ധ്രാപ്രദേശിലെ നരസരോപേട്ട് സ്വദേശിയായ ജാന്‍ബിയാണ് മുന്‍കാമുകനും ഗുണ്ടയുമായ ഷെയ്ഖ് ഭാജി(36)യെ കൊലപ്പെടുത്തിയത്.[www.malabarflash.com]

ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കിയശേഷം ഭാജിയെ കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം പെട്രൊളിച്ച് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ജാന്‍ബിയും സഹോദരനും അടക്കം നാലുപ്രതികളും പോലീസില്‍ കീഴടങ്ങി.

2021 ഓഗസ്റ്റിലാണ് ജാന്‍ബിയുടെ മൂത്തമകനെ ഷെയ്ഖ് ഭാജിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജാന്‍ബിയും ഭാജിയും തമ്മിലുള്ള ബന്ധം എതിര്‍ത്തതും പതിവായി വീട്ടിലേക്ക് വരുന്നത് ചോദ്യംചെയ്തതുമായിരുന്നു കൊലയ്ക്കുള്ള കാരണം. ഇതോടെ കാമുകനായ ഷെയ്ഖ് ഭാജിയോട് ജാന്‍ബിക്ക് പകയായി. 

മകനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയായ കാസിം എന്നയാളെ 2021 ഡിസംബറില്‍ തന്നെ ജാന്‍ബിയും ഇളയമകനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. നരസരോപേട്ടിലെ സിനിമാഹാള്‍ ജങ്ഷനില്‍വെച്ചായിരുന്നു കൊലപാതകം. കൃത്യം നടത്തിയശേഷം ജാന്‍ബി അടക്കമുള്ള പ്രതികള്‍ പോലീസില്‍ കീഴടങ്ങി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഭാജിയെ വകവരുത്താനുള്ള പദ്ധതികള്‍ ജാന്‍ബി ആസൂത്രണം ചെയ്തത്.

15 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ കൂലിപ്പണി ചെയ്ത് രണ്ട് ആണ്‍മക്കള്‍ക്കൊപ്പമായിരുന്നു ജാന്‍ബിയുടെ ജീവിതം. ഇതിനിടെയാണ് പ്രദേശത്തെ ഗുണ്ടയായ ഷെയ്ഖ് ഭാജിയുമായി അടുപ്പത്തിലായത്. എന്നാല്‍, ഷെയ്ഖ് ഭാജിയും ജാന്‍ബിയും തമ്മിലുള്ള ബന്ധത്തെ ജാന്‍ബിയുടെ മൂത്തമകന്‍ എതിര്‍ത്തു. അമ്മയെ കാണാന്‍ വീട്ടില്‍ വരരുതെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് ഷെയ്ഖ് ഭാജി തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ജാന്‍ബിയുടെ മൂത്തമകനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

മകനെ കൊലപ്പെടുത്തിയത് കാമുകനായ ഭാജിയാണെന്നറിഞ്ഞതോടെ ജാന്‍ബിക്ക് ഇയാളോട് കടുത്ത പകയായി. മകന്റെ ജീവനെടുത്തവരോട് പ്രതികാരംചെയ്യുമെന്നും തീരുമാനിച്ചു. ഇതനുസരിച്ചാണ് ഭാജിയുടെ കൂട്ടാളിയായ കാസിമിനെ 2021 ഡിസംബറില്‍ കൊലപ്പെടുത്തിയത്. ഈ കേസില്‍ ജയിലിലായിരുന്ന ജാന്‍ബി അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.

ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭാജിയെ കൊലപ്പെടുത്താനുള്ള പദ്ധതികളാണ് ജാന്‍ബി ആലോചിച്ചത്. അതേസമയം, ജാന്‍ബി തന്നെ കൊലപ്പെടുത്തുമെന്ന ഭയത്താല്‍ ഭാജി അജ്ഞാതവാസത്തിലായിരുന്നു. സുഹൃത്തുക്കളായ യുവതികളുടെ സഹായത്തോടെയാണ് ജാന്‍ബി മുന്‍കാമുകന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് നാലുദിവസത്തോളം തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് ഭാജിയെ വശീകരിച്ചു. തന്റെ പിണക്കം മാറിയെന്നും ഇനി ഒരുമിച്ച് ജീവിക്കണമെന്നും പറഞ്ഞാണ് ജാന്‍ബി കെണിയൊരുക്കിയത്. ഇതെല്ലാം വിശ്വസിച്ചെന്ന് മനസിലാക്കിയതോടെ തന്റെ സഹോദരന്റെ ജന്മദിനാഘോഷത്തിനായി ജാന്‍ബി മുന്‍കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഭാജിയെ ജാന്‍ബിയും സഹോദരനായ ഹുസൈന്‍, ഇയാളുടെ സുഹൃത്തുക്കളായ ഗോപാലകൃഷ്ണ, ഹാരിഷ് എന്നിവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ഭാജിയെ കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം പെട്രൊളൊഴിച്ച് കത്തിക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ ഇത് വിജയിച്ചില്ല. തുടര്‍ന്ന് പാതി കത്തിക്കരിഞ്ഞനിലയിലുള്ള മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. സംഭവശേഷം നാലുപ്രതികളും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നരസോപേട്ട് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഷെയ്ഖ് ഭാജിക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്.

Post a Comment

0 Comments