ദുബൈ: ബാഗിനുള്ളില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച കഞ്ചാവുമായി ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസി യുവാവ് അറസ്റ്റിലായി. ഒരു പ്രമുഖ ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡിന്റെ പാക്കറ്റിലാക്കി 7.06 കിലോഗ്രാം കഞ്ചാവാണ് ഇയാള്‍ കൊണ്ടുവന്നത്. പിടിയിലായ ആള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ അസ്വഭാവിക പെരുമാറ്റം കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ശ്രദ്ധിക്കുകയും തുടര്‍ന്ന് ഇയാളുടെ ലഗേജ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‍തു. ബാഗ് പരിശോധിച്ചപ്പോള്‍ അസ്വഭാവികമായി ഇരുണ്ട ഒരു ഭാഗം കൂടി കണ്ടെത്തിയതോടെ ഇയാള്‍ ഏതോ നിരോധിത വസ്‍തു കടത്തുന്നതായുള്ള സംശയം ബലപ്പെട്ടു.
ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ദുബൈ പോലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ജനറല്‍ ഡയറക്ടറേറ്റിന് കൈമാറി. വിമാനത്താവളത്തിലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും മികച്ച ഉപകരണങ്ങളും എല്ലാത്തരം നിരോധിത വസ്‍തുക്കളുടെയും കള്ളക്കടത്ത് തടയാന്‍ പര്യാപ്‍തമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു.
0 Comments