NEWS UPDATE

6/recent/ticker-posts

ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ രേഖ; കെ. വിദ്യക്കെതിരേ കേസെടുത്തു

കൊച്ചി: ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ യുവതിക്കെതിരേ കേസെടുത്തു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് തൃക്കരിപ്പൂർ  സ്വദേശിനി കെ. വിദ്യക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.[www.malabarflash.com]


അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ അഭിമുഖത്തിന് എത്തിയപ്പോഴാണ് ഇവർ വ്യാജരേഖ ഹാജരാക്കിയത്. മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയായിരുന്നു വിദ്യ സമര്‍പ്പിച്ചത്. രേഖയില്‍ സംശയം തോന്നിയതോടെ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് വിദ്യ.

വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐപിസി 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. കുറ്റകൃത്യം നടന്നത് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ അട്ടപ്പാടി, കാസര്‍കോട് എന്നിവിടങ്ങളിലേ സ്റ്റേഷനുകളിലേക്ക് അന്വേഷണം കൈമാറുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ ലോഗോ, സീല്‍ എന്നിവയെല്ലാം വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലേക്കായി ഗസ്റ്റ്ലക്ചറര്‍ നിയമനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് കോളേജ് നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നുമായിരുന്നു കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

Post a Comment

0 Comments