അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ ഒരു മകന്‍റെ വാര്‍ത്തയാണ് ജാര്‍ഖണ്ഡില്‍ നിന്നും പുറത്തുവരുന്നത്. ജാര്‍ഖണ്ഡിലെ രാംഗഡിലെ ഡിവൈന്‍ ഓംകാര്‍ മിഷന്‍ എന്നു പേരുള്ള അനാഥാലയത്തിലാണ് ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നത്. അനാഥാലയത്തില്‍ വളര്‍ന്ന ശിവം വര്‍മ എന്ന പതിമൂന്നു വയസുകാരന്‍ പത്ത് വര്‍ഷത്തിന് ശേഷം അച്ഛന്‍ ടിങ്കു വര്‍മയെ കണ്ടുമുട്ടുകയായിരുന്നു.[www.malabarflash.com]
2013-ല്‍ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വര്‍മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് വയസുകാരനായിരുന്നു ശിവം. തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതര്‍ അനാഥാലയത്തിന് കൈമാറുകയായിരുന്നു. അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോള്‍ പഠിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ടിങ്കു ജയില്‍ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു.
അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തില്‍ എത്തിയാണ് പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു ശിവം. ഇതിനിടയില്‍ ഭക്ഷണത്തിനായി വരി നില്‍ക്കുന്ന ആള്‍ക്ക് അച്ഛന്റെ മുഖസാദൃശ്യമുള്ളതായി ശിവത്തിന് തോന്നി. തുടര്‍ന്ന് അയാളുടെ അടുത്തെത്തി ശിവം സംസാരിക്കുകയായിരുന്നു. ഇതോടെ ശിവത്തിനെയും ടിങ്കു തിരിച്ഛറിഞ്ഞു. അങ്ങനെ അച്ഛന്‍ ടിങ്കുവാണ് അതെന്ന് ശിവം തിരിച്ചറിയുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും കരയുകയും ചെയ്തു. ഇത് സന്നദ്ധ സംഘടനയുടെ മാനേജറുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരുടെ ജീവിത കഥകള്‍ പുറത്തുവന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അച്ഛനൊപ്പം മകനെ വിടുമെന്ന് ഡിവൈന്‍ ഓംകാര്‍ മിഷന്‍ വ്യക്തമാക്കി. 'ജീവിതത്തിൽ ഒരിക്കലും ഞാന്‍ എന്‍റെ അച്ഛനെ കാണുമെന്ന് കരുതിയിരുന്നില്ല. അച്ഛനെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്'- ശിവം പറഞ്ഞു. തന്റെ കുട്ടിക്കാലം ചിലവഴിച്ച, പത്ത് വര്‍ഷത്തെ ഓര്‍മകളുള്ള അനാഥാലയം വിടുന്നതില്‍ ഒരുപാട് സങ്കടമുണ്ടെന്നും ശിവം കൂട്ടിച്ചേര്‍ത്തു. മകനെ പത്ത് വര്‍ഷം സംരക്ഷിച്ച അനാഥാലയത്തിനോട് ടിങ്കു വര്‍മ നന്ദി അറിയിച്ചു.
0 Comments