കോടികളെറിഞ്ഞ് ഐ.പി.എല്ലും എച്ച്.ബി.ഒ ഉള്ളടക്കങ്ങളും സ്വന്തമാക്കി ഇന്ത്യയിൽ വലിയ കുതിപ്പ് നടത്തുന്ന റിലയൻസിന്റെ ജിയോസിനിമക്ക് തിരിച്ചടി നൽകാൻ പുതിയ നീക്കവുമായി ഡിസ്നി+ഹോട്ട്സ്റ്റാർ. ഏഷ്യൻ കപ്പും ഐ.സി.സി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പും തങ്ങൾ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്തിരിക്കുന്ന എല്ലാവർക്കും ഇരു പരമ്പരകളും കാണാൻ കഴിയുമെന്നാണ് അവർ പറയുന്നത്.[www.malabarflash.com]
ഡിസ്നി+ഹോട്ട്സ്റ്റാർ ഐ.പി.എല്ലും എച്ച്.ബി.ഒ ഉള്ളടക്കങ്ങളും സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലായിരുന്നു സ്ട്രീം ചെയ്തിരുന്നത്. എന്നാൽ, ഏറെ പ്രേക്ഷകരുള്ള രണ്ട് ഉള്ളടക്കങ്ങളും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോസിനിമ സ്വന്തമാക്കുകയായിരുന്നു. അതോടെ, ഇന്ത്യയിൽ ഹോട്സ്റ്റാറിന്റെ നില പരുങ്ങലിലായി. ഫുട്ബാൾ ലോകകപ്പും ഐ.പി.എല്ലും ജിയോസിനിമയിൽ സൗജന്യമായി സ്ട്രീം ചെയ്തതോടെ ഹോട്സ്റ്റാറിൽ നിന്ന് ഏറെ വരിക്കാർ കൊഴിഞ്ഞുപോവുകയും ചെയ്തു. ഈ തിരിച്ചടിയിൽ നിന്ന് കരകയറാണ് ഫ്രീ ലൈവ് സ്ട്രീമിങ്ങുമായി കമ്പനി എത്തുന്നത്.
ഇന്ത്യയിലുള്ള വിദേശ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയൊന്നാകെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളാണ് ജിയോ നടത്തുന്നത്. സൽമാൻ ഖാൻ ഹോസ്റ്റുചെയ്യുന്ന ബിഗ് ബോസിന്റെ അടുത്ത സീസണിന്റെ സംപ്രേക്ഷണാവകാശവും അവർ സ്വന്തമാക്കി കഴിഞ്ഞു. ജിയോസിനിമയിൽ പ്രീമിയം പ്ലാനുകൾ ഈയടുത്തായിരുന്നു ആരംഭിച്ചത്. 999 രൂപയുടെ വാർഷിക പ്ലാൻ ചെയ്താൽ എച്ച്.ബി.ഒ ഉള്ളടക്കങ്ങൾ ആസ്വദിക്കാം.
0 Comments