ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.[www.malabarflash.com]
കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദ് ചെയ്യുമെന്നും കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനമായി പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് ഒരു ഓര്‍ഡിനന്‍സിലൂടെ കര്‍ണാടകയില്‍ മതപരിവര്‍ത്ത വിരുദ്ധ നിയമം കൊണ്ടുവന്നത്. ബില്‍ പിന്നീട് സെപ്തംബറില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി.
വാഗ്ദാനങ്ങളിലൂടെയും ഭീഷണികളിലൂടെയുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിലവില്‍ നിയമമുണ്ട്. പിന്നെന്തിനാണ് പുതിയ നിയമമെന്നുൂം ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ നിയമത്തിനുള്ളതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയാണ് ഈ നിയമമെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തിരുന്നു.
ആര്‍ആസ്എസ് ആചാര്യന്മാരായ വി.ഡി.സവര്‍ക്കറെയും കെ.ബി. ഹെഡ്‌ഗെവാറെയുംകുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കംചെയ്യാനും കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചരിത്ര പുസ്തകത്തില്‍ ഇവരേക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.
അതോടൊപ്പം, ബി.ജെ.പി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സ്തുതിഗീതത്തോടൊപ്പം ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കാന്‍ നിര്‍ദേശം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കര്‍ണാടക നിയമ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
0 Comments