കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരൻറെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ഒരു മാസം മുൻപാണ് നഷ്ടപ്പെട്ടത്.[www.malabarflash.com]
രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൻറെ മണ്ഡപത്തിലാണ് ഇയാൾ ഉറങ്ങിയിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി. സുകുമാരൻ നായർ ഭാണ്ടത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു.
പണം നഷ്ടപ്പെട്ടതറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ സുകുമാരൻ നായരെ പോലിസ് സ്റ്റേഷനിലെത്തിച്ചു പരാതി നൽകി. ഒരു മാസക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് മണി ലാലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments