ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യാൻ യുവാവ് നടത്തിയ ‘നാടകം’ റെയിൽവേക്കു വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസർകോടു നിന്നു പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിൽ കാസർകോട് ഉപ്പള സ്വദേശി ശരൺ (26) ശുചിമുറിയിൽ കയറി വാതിലടച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം.[www.malabarflash.com]ആർപിഎഫും റെയിൽവേ പോലീസും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സെൻസർ സംവിധാനത്തിലുള്ള പൂട്ടിനു മുകളിൽ ടീഷർട്ട് കീറി കെട്ടിവച്ചതോടെ പുറത്തുനിന്ന് തുറക്കാനുള്ള ശ്രമങ്ങളും പാളി.
കണ്ണൂരിലും കോഴിക്കോട്ടും ട്രെയിൻ നിർത്തിയപ്പോൾ വാതിൽ തുറക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ 3 സീനിയർ സെക്‌ഷൻ എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചിട്ടും പൂട്ടുതുറക്കാനായില്ല. ഒടുവിൽ പൂട്ട് പൊളിക്കേണ്ടിവന്നു. രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണു വന്ദേഭാരതിലെ ശുചിമുറിയിലുള്ളത്. ഇലക്ട്രോണിക് സങ്കേതമുൾപ്പെടെ അൻപതിനായിരം രൂപയോളം ഇതിനു വില വരുമെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. വാതിൽ തുറക്കുന്നതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടി അലവൻസും അരലക്ഷത്തോളം വരും.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ശുചീകരിക്കുമ്പോൾ തന്നെ ഇയാൾ ശുചിമുറിയിൽ കയറിക്കൂടാൻ ശ്രമിച്ചിരുന്നു. ജീവനക്കാർ തടഞ്ഞതോടെ പുറത്തിറങ്ങി, പിന്നീട് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ആരും കാണാതെ കയറിയതാണ്. ജൂൺ 17ന് ഉപ്പള കൈക്കമ്പയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ലഹരി ലഭിക്കാതാകുമ്പോൾ അക്രമാസക്തനാകുമെന്നും പോലീസ് പറയുന്നു. ഇന്നലെ വൈകിട്ട് 5.30നു ഷൊർണൂരിലെത്തിയ ട്രെയിൻ 20 മിനിറ്റോളം വൈകിയാണു പുറപ്പെട്ടത്.
0 Comments