NEWS UPDATE

6/recent/ticker-posts

ഷാരൂഖ് സെയ്ഫി തീവെച്ച അതേ ട്രെയിന്‍, രണ്ട് മാസത്തിനുശേഷം വീണ്ടും തീപിടിത്തം; ദുരൂഹതയേറുന്നു

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്‌ നടന്ന് രണ്ട് മാസം തികയുന്നതിന് ഒരുദിവസം മാത്രം ശേഷിക്കെയാണ്‌ കണ്ണൂരില്‍ അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തമുണ്ടായത്. ഏപ്രില്‍ രണ്ടിന് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായതെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലായിരുന്നു തീപിടിത്തം. എലത്തൂര്‍ കേസില്‍ എന്‍.ഐ.എ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തമെന്നതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.[www.malabarflash.com]


എലത്തൂര്‍ സംഭവത്തിന് പിന്നാലെ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അന്നത്തെ സുരക്ഷാ വീഴ്ചയില്‍ നിന്ന് റെയില്‍വേ ഇപ്പോഴും പാഠം പഠിച്ചിട്ടില്ലെന്നാണ് കണ്ണൂരിലെ സംഭവം വ്യക്തമാക്കുന്നത്.

ബുധനാഴ്ച രാത്രിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരെത്തിയ ട്രെയിനില്‍നിന്ന് ആളുകള്‍ ഇറങ്ങി രണ്ട് മണിക്കൂറിന് ശേഷമായിരുന്നു തീപിടിത്തം. നിര്‍ത്തിയിട്ട ട്രെയിനില്‍ പുലര്‍ച്ചെ ഒന്നരയോടെ ഉണ്ടായ തീപിടിത്തം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അണയ്ക്കാനായെങ്കിലും ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. യാത്രക്കാര്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. തീപിടിത്തത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ടെന്നാണ് റെയില്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു ഫാറൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തേത്തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പ്രതിയെ പിന്നീട് രത്നഗിരിയില്‍നിന്ന് മഹാരാഷ്ട്ര എ.ടി.എസ്. പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു. തീവ്രവാദ ബന്ധം സ്ഥിരീകരിച്ച ഈ ആക്രമണത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് ഉള്‍പ്പെടെ എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഡല്‍ഹി ഷഹീന്‍ബാഗില്‍ ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുള്‍പ്പെടെ ഒന്‍പതിടത്ത് എന്‍.ഐ.എ അടുത്തിടെ പരിശോധന നടത്തി. തീവെപ്പ് നടത്താന്‍ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ ഷഹീന്‍ബാഗിലെത്തി അന്വേഷിച്ചത്. കേസില്‍ മൊഴി നല്‍കാനായി ഷഹീന്‍ബാഗില്‍നിന്ന് എന്‍ഐഎ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയ ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തിന്റെ പിതാവിനെ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നാലെയാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവില്‍ വീണ്ടും തീപിടിത്തമുണ്ടായതെന്നും ദുരൂഹത വര്‍ധിപ്പിക്കുന്നു.

കണ്ണൂര്‍ സംഭവവും എലത്തൂര്‍ സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് തന്നെയാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ഒരാള്‍ ട്രെയിനില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്‍ഐഎ സംഘവും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

Post a Comment

0 Comments