കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കോളജിലെ മാനസിക പീഡനത്തെ തുടർന്നാണെന്ന് ആരോപിച്ച് വിദ്യാർഥികൾ വൻ പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകൾ ഒഴിയാൻ കോളജ് അധികൃതർ നിർദേശം നൽകി. അതേസമയം, ഹോസ്റ്റൽ ഒഴിയാതെ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്.[www.malabarflash.com]
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ റിപോര്‍ട്ട് തേടിയിരുന്നു. ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി നിര്‍ദേശം നൽകിയത്.ഇന്നലെ എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ കോളജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. കോളജ് കവാടത്തിൽ വിദ്യാര്‍ഥികളൊന്നടങ്കം പ്രതിഷേധിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ(20) യുടെ മരണത്തെ തുടർന്ന് കോളജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാന്‍ കാരണമെന്നും പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളജ് അധികൃതര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചു.
എച്ച് ഒ ഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്, അവളെ അപമാനിച്ചിട്ടുണ്ട്. “ക്യാബിനില്‍ നിന്ന് പുറത്തേക്ക് പോയതോടെ ശ്രദ്ധക്ക് സമനില തെറ്റിയത് പോലെ തോന്നിയെന്ന്’ സുഹൃത്തുക്കള്‍ പറഞ്ഞതായി പിതാവ് സതീശ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനെ, കോളജ് അധികൃതര്‍ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാതെ ശ്രദ്ധ മരിച്ചതെന്ന് ബന്ധുവും ആരോപിച്ചു.
മാനേജ്മെന്റും ശ്രദ്ധയുടെ മരണത്തില്‍ ദുഃഖിതരാണെന്ന് ഫാ. മാത്യു പായിക്കാട് പറഞ്ഞു. ശ്രദ്ധ കുഴഞ്ഞുവീണു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. താന്‍ തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചതെന്നും മാനേജര്‍ പറഞ്ഞു.
0 Comments