കുന്നംകുളം : കൂനംമൂച്ചിയില്‍ വാഹനപരിശോധനക്കിടെ യുവതികളില്‍നിന്ന് 17.5 ഗ്രാം എം.ഡി.എം.എ. ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ചൂണ്ടല്‍ പുതുശ്ശേരി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് തോയല്‍ വീട്ടില്‍ പ്രിയ (30) എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഒരു വര്‍ഷത്തെ നിരീക്ഷണത്തിനുശേഷമാണ് രണ്ടുപേരും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലാകുന്നത്.[www.malabarflash.com]
ഗുരുവായൂര്‍ ഭാഗത്തുനിന്ന് ലഹരിപദാര്‍ഥങ്ങളുമായാണ് ഇവര്‍ വന്നിരുന്നത്. സിന്തറ്റിക് ലഹരിപദാര്‍ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളായതിനാല്‍ പോലീസിന്റെ സംശയവും പരിശോധനയും ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു വില്‍പ്പന. കണ്ണൂര്‍ സ്വദേശിനിയായ പ്രിയ സാമൂഹികമാധ്യമം വഴിയാണ് സുരഭിയെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ ഒരുമിച്ചായിരുന്നു താമസം. സുരഭി ഫിറ്റ്നസ് ട്രെയ്നറും പ്രിയ ഫാഷന്‍ ഡിസൈനറുമാണ്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ പറഞ്ഞു.
സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഒരുമാസത്തിനുള്ളില്‍ 270 കിലോഗ്രാം കഞ്ചാവും പിടിച്ചിരുന്നു. എസ്.ഐ.മാരായ സുവ്രതകുമാര്‍, പി. രാഗേഷ്, എസ്.സി.പി.ഒ. പഴനിസ്വാമി, സി.പി.ഒ. സുജിത്ത്, കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ. ഷിജു, സുകുമാരന്‍, സി.പി.ഒ.മാരായ ജോണ്‍സണ്‍, രവി, ഗിരീശന്‍, സൗദാമിനി, ഗ്രീഷ്മ, രാംഗോപാല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
0 Comments