NEWS UPDATE

6/recent/ticker-posts

15 വർഷം മുമ്പുള്ള കേസ് കുരുക്കായി; ഹജ്ജിനെത്തിയ മുൻ പ്രവാസി മലയാളിക്ക് നാട്ടിലേക്ക് മടങ്ങാനായില്ല

ദമാം: ഹജ് നിർവഹിച്ച് മടങ്ങാനെത്തിയ മുൻ സൗദി പ്രവാസി മലയാളിക്ക് കുരുക്കായി പതിനഞ്ച് വർഷം മുമ്പുള്ള കേസ്. എട്ടുവർഷങ്ങൾക്ക് മുമ്പ് സൗദിയിൽ നിന്നു ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയ 61കാരനായ മലപ്പുറം സ്വദേശിയാണ് പഴയൊരു കേസിൽ വിമാനത്താവളത്തിൽ പിടിയിലായത്.[www.malabarflash.com]

സ്വകാര്യ ഹജ് ഗ്രൂപ്പിനൊപ്പം എത്തിയ ഇദ്ദേഹത്തോടൊപ്പം ഭാര്യയും സഹോദര ഭാര്യയും മറ്റ് ബന്ധുക്കളും ഹജ്ജിനായി എത്തിയിരുന്നു. ജിദ്ദയിൽ വന്നിറങ്ങുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ഹജ് പൂർത്തീകരിച്ച്  മടങ്ങാനായി  കുടുംബത്തോടൊപ്പം  വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കേസ് ഉള്ളതായി അറിയുന്നത്. ജിദ്ദ വിമാനത്താവളത്തിൽ എമിഗ്രേഷനിൽ എത്തിയപ്പോഴാണ് നാട്ടിലേക്ക് പോകാനാവില്ലെന്നും, പാസ്പോർട്ട് വിഭാഗത്തിൽ ബന്ധപ്പെടാനും നിർദ്ദേശം ലഭിച്ചത്. ദമാമിലെ ഷമാലിയ പോലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ ഒരു കേസു നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിച്ച ശേഷം  മാത്രമാണ് നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളു എന്നുമായിരുന്നു വിവരം.

ഒപ്പമുണ്ടായിരുന്ന ഭാര്യയെയും ബന്ധുക്കളെയും നാട്ടിലേക്ക് മടക്കി അയച്ചു. തുടർന്ന് ഇദ്ദേഹം ദമാമില്‍ എത്തി. 30 വർഷക്കാലം ദമാം ടയോട്ടയിലെ പച്ചക്കറി മാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്ന സമയത്ത് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കു മടങ്ങുന്നതിന് ആറോ എഴോ വർഷങ്ങൾക്ക് മുൻപ് ഒരു സിറിയക്കാരനുമായി നടന്ന ചെറിയ വഴക്ക് മാത്രമാണ് ഓർമയിലുള്ളത്. അതിന് മുൻപോ പിൻപോ മറ്റ് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളൊ, നിയമലംഘനങ്ങളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ആ സംഭവത്തിൽ പേരിൽ പോലീസ് സ്റ്റേഷൻ കയറേണ്ടി വന്നിരുന്നെങ്കിലും വഴക്കിട്ട സിറിയൻ പൗരനുമായി അപ്പോൾ തന്നെ പ്രശ്നപരിഹാരിച്ച് മടങ്ങി പോരുകയും ചെയ്തിരുന്നു. ആ സംഭവത്തിനും കഴിഞ്ഞ് പിന്നീട് പല തവണ നാട്ടിൽ പോവുകയും മടങ്ങി വരുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദമാമിലെ ഇന്ത്യൻ എംബസി ജീവകാരുണ്യ വൊളന്റിയറും സാമൂഹിക പ്രവർത്തകനുമായ  മണിക്കുട്ടൻ പത്മനാഭന്റെ സഹായം ഇദ്ദേഹം തേടി.ദമാം ഷമാലിയ പോലീസ്സ് സ്റ്റേഷനിൽ ഇരുവരും എത്തി അന്വേഷിച്ചപ്പോൾ  ഇദ്ദേഹത്തിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നതായി  അറിയാൻ കഴിഞ്ഞത്. വഴക്ക് നടന്ന ദിവസം സിറിയക്കാരന്റെ പരാതിയിൽ പോലീസ് വന്ന് കൊണ്ടുപോകുമ്പോൾ ഒരു നേപ്പാളി പൗരനും പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നതായി ഇദ്ദേഹം ഓർമിക്കുന്നു. മദ്യകടത്തിനായിരുന്നു നേപ്പാളി പൗരനെ പോലീസ് പിടികൂടിയിരുന്നത്. ഒരു പക്ഷേ കേസ് രേഖപ്പെടുത്തിയ കൂട്ടത്തിൽ പോലീസുകാരുടെ  പിഴവിൽ  നേപ്പാളി ഉൾപ്പെട്ട കേസിൽ ഇദ്ദേഹത്തിന്റെ  പേരും എഴുതിച്ചേർത്തതാകാമെന്നാണ് സാമൂഹികപ്രവർത്തകരും ഇദ്ദേഹവും കരുതുന്നത്.

തുടർന്ന് സമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് കേസ് തീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നിയമം നടപ്പാക്കേണ്ടതായുണ്ടെന്നാണ് വിവരം കിട്ടിയത്. അടുത്ത ദിവസം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ ഹാജരാക്കി പ്രതീകാത്മക ശിക്ഷ ഏറ്റുവാങ്ങി നിയമം നടപ്പിലാക്കിയതോടെ, തടവ് ശിക്ഷ ഒഴിവാക്കി കിട്ടി. തുടർന്ന് തർഹീലിൽ നിന്നും ഫൈനൽ എക്സിറ്റും നൽകിയതായി ഇദ്ദേഹത്തെ സഹായിക്കാനെത്തിയ മണിക്കുട്ടൻ പറഞ്ഞു.

പഴയ കേസ് ഫയലുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി അക്കാലയളവിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്ന കേസ് സംബന്ധിച്ച് ഫോണിൽ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നവെങ്കിലും ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നു. ഇതാവും തീർപ്പാക്കാത്ത കേസിൽ ഉൾപ്പെടാനുണ്ടായ കാരണമെന്നും കരുതുന്നു.

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയവരാണങ്കിലും കേസിൽ ഉൾപ്പെട്ടവർ ഹജ്ജിനോ ഉംറയ്ക്കോ, സന്ദർശക വീസയിലോ എത്തുന്നതിന് മുൻപായി പഴയ കേസ് വിവരങ്ങൾ പരിശോധിച്ച് തടസ്സങ്ങളോ, പ്രശ്നങ്ങളോ ഇല്ലെന്നുള്ള ഉറപ്പ് വരുത്തണം. ഫൈനൽ എക്സിറ്റിൽ പോകുന്നവർ പോലീസ് ക്ലീയറൻസ് വാങ്ങി സൂക്ഷിക്കുന്നതും കുഴപ്പങ്ങളൊഴിവാക്കാൻ സഹായിക്കും. അവിചാരിതമായി സംഭവിച്ച പ്രശ്നങ്ങൾ ഒഴിഞ്ഞ് യാത്രാ തടസ്സം നീങ്ങിയ മലയാളി ദമാം രാജ്യാന്തര വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങും.

Post a Comment

0 Comments