NEWS UPDATE

6/recent/ticker-posts

കൈക്കൂലിക്ക് പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷത്തിലേറെ രുപയുടെ നോട്ടുകള്‍ കണ്ടെടുത്തു

തൃശൂർ: ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. പിടിയിലായ  തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിന്‍റെ വീട്ടില്‍ നിന്ന് 15 ലക്ഷത്തിലധികം രൂപയാണ് കണ്ടെത്തിയത്.[www.malabarflash.com] 

500, 2000, 100, 200 രൂപ നോട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ടെന്നാണ് വിവരം. കണ്ടെത്തിയ നോട്ടുകെട്ടുകൾ പലരില്‍ നിന്നായി വാങ്ങിയ കൈക്കൂലി പണമാണെന്ന് സംശയിക്കുന്നു. 

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ  ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ്  ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു.

തുടര്‍ന്ന് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ടുമായെത്തിയ പരാതിക്കാരന്‍ തുക കൈമാറിയതോടെ വിജിലന്‍സ് ഡോക്ടറെ കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.

Post a Comment

0 Comments