NEWS UPDATE

6/recent/ticker-posts

ആറു വയസ്സുകാരനെ തലക്കടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ

ചെറുതോണി(ഇടുക്കി): അടിമാലി ആനച്ചാലിനു സമീപം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരനെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തുകയും കുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. മാതൃസഹോദരി ഭർത്താവായ 50കാരനെയാണ് ശിക്ഷിച്ചത്. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി.ജി. വർഗീസാണ് വിധി പ്രഖ്യാപിച്ചത്.[www.malabarflash.com]


കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം വധശിക്ഷയും നാല് കേസിലായി വിവിധ വകുപ്പുകൾ പ്രകാരം 93 വർഷം ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. 9,91,000 രൂപ പിഴയും അടക്കണം. അല്ലാത്തപക്ഷം 11 വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാലാണ് പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നതെന്ന് കോടതി പറഞ്ഞു.

2021 ഒക്ടോബർ മൂന്നിന് പുലർച്ചയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ടതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയുമായി അകലാൻ അവരുടെ സഹോദരിയും അമ്മയും കാരണമായെന്ന് ഇയാൾ സംശയിച്ചു. ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയ പ്രതി ഇവരുമായി തകർക്കത്തിൽ ഏർപ്പെടുകയും ഇവരെയും ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനായ മകനെയും ചുറ്റികകൊണ്ട് അടിച്ചു.
ഉറക്കത്തിലായിരുന്ന ബാലൻ തൽക്ഷണം മരിച്ചു. 

ഈ സമയം കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി ഭാര്യാമാതാവിന്‍റെ അടുത്തായിരുന്നു. തുടർന്ന് അവിടെയെത്തിയ പ്രതി ഭാര്യാമാതാവിനെ ചുറ്റികകൊണ്ട് ആക്രമിച്ചു. ഇതുകണ്ട് പെൺകുട്ടി ബഹളംവെച്ചതോടെ വലിച്ചിഴച്ച് അടുത്തവീട്ടിലെത്തിച്ച് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയും സഹോദരനെയും കാണിച്ചുകൊടുത്തു. വീണ്ടും വലിച്ചിഴച്ച് വീടിനടുത്ത് ഷെഡിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുമ്പോൾ പ്രതിക്ക് ഒരു കൂസലുമില്ലായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡ്വക്കറ്റുമാരായ എസ്. സനീഷും സിജോമോൻ ജോസഫും ഹാജരായി. ജില്ലയിൽ ആദ്യമായിട്ടാണ് ഒരാൾക്ക് വധശിക്ഷ വിധിക്കുന്നത്.

Post a Comment

0 Comments