NEWS UPDATE

6/recent/ticker-posts

AI തട്ടിപ്പ്; വ്യാജ വീഡിയോ കോളിലൂടെ തട്ടിയെടുത്ത മുഴുവന്‍ തുകയും തിരിച്ചുപിടിച്ച് സൈബര്‍ സെല്‍

കോഴിക്കോട്: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തില്‍ പരാതിക്കാരന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും കേരള പോലീസ് സൈബര്‍ സെല്‍ തിരിച്ചുപിടിച്ചു. നഷ്ടപ്പെട്ട 40000 രൂപ മഹാരാഷ്ട്രയിലെ രാത്‌നഗര്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് കണ്ടെത്തിയത്‌. ഈ അക്കൗണ്ടിന്‍റെ പ്രവര്‍ത്തനം നിലവില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.[www.malabarflash.com] 

സൈബർ തട്ടിപ്പ് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഫോൺ നമ്പർ 500 ബാങ്കുകളുമായി ബന്ധിപ്പിച്ചു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എഐ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകള്‍ ലഭിച്ചാലുടന്‍ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചു. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

സുഹൃത്ത് വീഡിയോ കോളിലൂടെ തന്റെ അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനായി 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോള്‍ ആയതിനാലും നേരിട്ട് അറിയാവുന്ന ആളായതുകൊണ്ടും യാതൊരുവിധ സംശയവും തോന്നാതെ പണം കൈമാറി. പണം കൈമാറിയ ഉടനെ വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ സംസാരിച്ചപ്പോഴാണ് മറ്റു ചിലരും തട്ടിപ്പിന് ഇരയായതായി മനസിലായത്.

തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംസ്ഥാനത്ത് എഐ സംവിധാനം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കേരള പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments