NEWS UPDATE

6/recent/ticker-posts

പല്ല് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി യുവതി മരിച്ചു

ലണ്ടൻ: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു.[www.malabarflash.com]

ചികിത്സ തുടരുമ്പോൾ ജിപിയിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്നു പ്രസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടർച്ചയായി ഹൃദയാഘാതം വന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സർജറിക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് രാത്രി എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സീനിയർ കെയറർ വിസയിൽ യുകെയില്‍ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്ന സമയത്താണ് മെറീന ആകസ്മികമായി മരണമടഞ്ഞത്. ജോലി സംബന്ധമായി ബ്ലാക്ക് പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. പതിനെട്ട്, പതിനഞ്ച് വയസ് വീതം പ്രായമുള്ള രണ്ട്‌ പെണ്മക്കളുടെ മാതാവാണ്‌. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തിൽ കൊച്ചൗസേഫാണ് പിതാവ്.

ബ്ലാക്ക്പൂളിൽ താമസിച്ചിരുന്ന മെറീനയുടെ ആകസ്മിക മരണത്തിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഞെട്ടലിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടിക്രമങ്ങൾക്കായി ബ്ലാക്ക് പൂൾ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ മെറീനയുടെ ബന്ധുക്കൾക്ക് ഒപ്പമുണ്ട്. ആലപ്പുഴ കണ്ണങ്കര സെന്റ് ഫ്രാൻസിസ് സേവ്യർസ് കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തും.

Post a Comment

0 Comments