കട്ടപ്പനയിലെ എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്നാട് ബോഡി കുറുപ്പ്സ്വാമി കോവിൽ സ്ട്രീറ്റ് തമ്പിരാജിനെയാണ് (46) കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോനോെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേരളം, ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ജൂലൈ രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത് എസ്. നായരുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് പണമെടുത്ത കേസിലാണ് അറസ്റ്റ്. എ.ടി.എം കൗണ്ടറുകളിലെ കാർഡ് ഇടുന്ന സ്ഥലത്ത് പേപ്പർ തിരുകിവെക്കുന്ന പ്രതി പണം പിൻവലിക്കാൻ കഴിയാതെ വരുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് കാർഡും പിൻ നമ്പറും കൈക്കലാക്കുകയാണ് പതിവ്.
തട്ടിപ്പ് നടന്ന ദിവസം ശ്രീജിത് കട്ടപ്പനയിലെ ഒട്ടേറെ എ.ടി.എം കൗണ്ടറുകളിൽ എത്തിയെങ്കിലും പണം പിൻവലിക്കുന്നതിൽ തടസം നേരിട്ടു. തുടർന്ന് എസ്.ബി.ഐയുടെ എ.ടി.എമ്മിൽ എത്തിയപ്പോഴും പണം എടുക്കാൻ കഴിഞ്ഞില്ല. ഇതേസമയം അടുത്തുള്ള കൗണ്ടറിൽ പണം പിൻവലിച്ചുകൊണ്ടിരുന്ന തമ്പിരാജ് സഹായത്തിനായി എത്തുകയായിരുന്നു. ശ്രീജിത്തിെൻറ കൈയിൽനിന്ന് കാർഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തിൽ മറ്റൊരു കാർഡ് എ.ടി.എം കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിൻ ടൈപ് ചെയ്യാൻ പറഞ്ഞു. ടൈപ് ചെയ്ത പിൻ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ ഇതേ എ.ടി.എം കാർഡ് നൽകി തമ്പിരാജ് മടക്കി. ശ്രീജിത്തിെൻറ കാർഡും കൈക്കലാക്കി പിൻ നമ്പറും മനസ്സിലാക്കിയ തമ്പിരാജ് അടുത്ത ദിവസം മുതൽ ശ്രീജിത്തിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചു തുടങ്ങി.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ശ്രീജിത് ബാങ്കിലെത്തിയപ്പോഴാണ് മറ്റാരുടെയോ എ.ടി.എം കാർഡാണ് തെൻറ കൈയിലുള്ളതെന്ന് മനസ്സിലായത്. തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളും സമാന തട്ടിപ്പുകളും പരിശോധിച്ചതിനെ തുടർന്ന് തമ്പിരാജിലേക്ക് എത്തുകയായിരുന്നു. തമ്പിരാജ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എ.ടി.എം തട്ടിപ്പിന് തമിഴ്നാട്ടിൽ ശിക്ഷയനുഭവിച്ച പ്രതി പ്രായമായവരെയും അന്തർ സംസ്ഥാന തൊഴിലാളികളെയുമാണ് പലപ്പോഴും തട്ടിപ്പിന് ഇരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കട്ടപ്പന സി.ഐ ടി.സി. മുരുകൻ, എസ്.ഐ സജിമോൻ ജോസഫ്, വി.കെ. അനീഷ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
0 Comments