1999-ല്‍ പുറത്തിറങ്ങിയ 'ഹം ദില്‍ ദേ ചുകേ സനം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ ക്ലൈമാക്‌സ് സീന്‍ ആരും മറന്നിട്ടുണ്ടാകില്ല. കാമുകനായ സല്‍മാന്‍ ഖാന്‍ തന്റെ പ്രണയിനിയായ ഐശ്വര്യ റായിയോട് ഭര്‍ത്താവ് അജയ് ദേവ് ഗണിനോടൊപ്പം തന്നെ ജീവിക്കാന്‍ പറയുന്നിടത്താണ് ഈ ബോളിവുഡ് ചിത്രം അവസാനിക്കുന്നത്. കരച്ചിലടക്കി നിര്‍ത്താനാകാതെ കാമുകിയോട് വിട പറയുന്ന സല്‍മാനേയും ചിത്രത്തില്‍ കാണാം.[www.malabarflash.com]
ഈ സിനിമാക്കഥയെ വെല്ലുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്നു. കഥയില്‍ അല്‍പം മാറ്റമുണ്ടെന്ന് മാത്രം. സ്വന്തം ഭാര്യയെ ഭര്‍ത്താവ് കാമുകന് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. ബിഹാറിലെ നവാഡയില്‍ നടന്ന വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുകയാണ്.
ഭാര്യയ്‌ക്കൊപ്പം കാമുകനുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണ് ഭാര്യ ഇഷ്ടപ്പെടുന്നതെന്നും മനസ്സിലാക്കിയതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വിവാഹം നടത്തി. ഒരു ശിവക്ഷേത്രത്തിലായിരുന്നു വിവാഹം. യുവതിയുടെ നെറ്റിയില്‍ കാമുകന്‍ സിന്ദൂരം ചാര്‍ത്തുന്നതും യുവതി കരയുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് രാത്രി കാമുകന്‍ യുവതിയെ കാണാന്‍ എത്തുകയായിരുന്നു. നാട്ടുകാര്‍ ഇരുവരേയും പിടികൂടുകയും കാമുകനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവരോട് നാട് വിട്ട് പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ശേഷം ഇരുവരേയും ക്ഷേത്രത്തില്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. യുവതിയുടെ കാമുകനും വിവാഹിതനാണ്. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
0 Comments