NEWS UPDATE

6/recent/ticker-posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം; ത്രിവര്‍ണ്ണം പുതച്ച് ബുര്‍ജ് ഖലീഫ

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ദുബൈയിലെ ബുര്‍ജ് ഖലീഫ. പ്രധാനമന്ത്രി മോദിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് വെള്ളിയാഴ്ച വൈകീട്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെയും നരേന്ദ്രമോദിയുടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.[www.malabarflash.com]


രണ്ട് ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോദി ഫ്രാൻസ് സന്ദർശിച്ചത്. ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ മാക്രോൺ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ത്രിവര്‍ണപതാക പുതച്ച ബുര്‍ജ് ഖലീഫ കെട്ടിടത്തിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എന്‍എഐ പങ്കുവെച്ചിട്ടുണ്ട്.

2022 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണം പ്രദര്‍ശിപ്പിച്ചിരുന്നു. 74-ാം റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയാല്‍ അലങ്കരിച്ചിരുന്നു. 2021ല്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിക്കുന്നിന് വേണ്ടിയും ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണം പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യയും യുഎഇയും കാലകാലങ്ങളായി പിന്തുടരുന്ന സാംസ്കാരിക പൈതൃക ബന്ധത്തിന്‍റെ തെളിവായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 9 വർഷത്തിനിടെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ രൂപയിൽ വ്യാപാരം തുടങ്ങുന്നത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവച്ചേക്കും.ഡൽഹി ഐ ഐ ടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങുന്നതിലും ചർച്ച നടക്കും.

ഇന്ത്യയും യുഎഇ-യും തമ്മിലുള്ള സെപാ കരാറിന്റെ പരിധിയിൽ ആരോ​ഗ്യം-വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കൂടി ഉൾപ്പെടുത്തുന്ന ചർച്ചകളും സന്ദർശനത്തിലുണ്ടാകും. ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയും ദുബായിൽ നടക്കുന്ന കോപ്പ്- 28 കാലാവസ്ഥാ ഉച്ചകോടിയും ചർച്ചയാകും.. വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുക.

Post a Comment

0 Comments