NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം റെയിൽവേ നടപ്പാലത്തിലെ സുരക്ഷാ കമ്പിവല ദ്രവിച്ച നിലയിൽ

പാലക്കുന്ന് : റെയിൽവേ പ്ലാറ്റ്ഫോം മറികടക്കാൻ കോട്ടിക്കുളം സ്റ്റേഷനിൽ വർഷങ്ങൾക്ക് മുൻപ് നിർമിച്ച നടപ്പാത (എഫ്. ഒ. ബി.1191എ) യിലെ സുരക്ഷ ഇരുമ്പ് വല പഴകി ദ്രവിച്ച നിലയിൽ യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു.[www.malabarflash.com]

35 മീറ്റർ നീളമുള്ള ഈ നടപ്പാതയുടെ വീതി 2.65 മീറ്റർ ആണ്. സുരക്ഷയുടെ ഭാഗമായി 1.75 മീറ്റർ ഉയരത്തിൽ നടപ്പാതയുടെ ഇരു ഭാഗങ്ങളിലും സുരക്ഷയുടെ ഭാഗമായി ഇരുമ്പ് വല പ്രത്യേക ചട്ടക്കൂട്ടിൽ വെൽഡ് ചെയ്തുവെച്ചിട്ടുണ്ട്. കിഴക്ക് ഭാഗത്ത് ചവിട്ട്പടി കടന്ന് നടപ്പാതയിൽ പ്രവേശിച്ചാൽ ഇരു ഭാഗത്തും മൂന്നര മീറ്ററോളം നീളത്തിൽ വല ഇല്ലാത്ത ചട്ടക്കൂടുകൾ മാത്രം കാണാം. രണ്ടും നിലംപതിച്ചിട്ടുണ്ട്. 

വടക്ക് ഭാഗത്തേത് ആരോ കയറുകൊണ്ട് കെട്ടിവെച്ചു . തെക്ക് ഭാഗത്തേത് അവിടെ തന്നെ ചാരിവെച്ചിട്ടുണ്ട്. നടപ്പാതയുടെ ഓരം ചേർന്ന് പോകുന്നവർ, പ്രത്യേകിച്ച് കുട്ടികൾ, തുടർന്നുള്ള ഒരോ കാൽവെപ്പും സൂക്ഷിച്ച് നടന്നില്ലെങ്കിൽ ഇടയ്ക്കുള്ള വിടവിലൂടെ വീഴ്ച പാളത്തിലേക്കായിരിക്കും. 

റെയിൽവേയുടെ വൈദ്യുതി കമ്പികൾ പാതയുടെ തൊട്ടു താഴെയാണ് കടന്നു പോകുന്നത്. ഇരു ഭാഗങ്ങളിലും ഇടവിട്ട് ഇരുമ്പ് വല തുരുമ്പെടുത്ത് ദ്രവിച്ചിതുകാണാം. അപ്പുറം കടക്കുംവരെ കുട്ടികൾ കൂടെയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. യാത്രക്കാരുടെ അറിവിലേക്കായി പാലക്കാട്‌ ഡിവിഷന്റെതായി ഉറപ്പിച്ച സൂചന ഫലകത്തിൽ നടപ്പാലത്തിന്റെ അടുത്ത പരിശോധന ഈ വർഷം ഒക്ടോബർ 2023 ൽ ആണെന്ന് കാണുന്നു. അത് വരേയ്ക്കും ഈ നടപ്പാതയിലൂടെയുള്ള യാത്ര സൂക്ഷിച്ചു വേണം എന്ന് സാരം.

Post a Comment

0 Comments