NEWS UPDATE

6/recent/ticker-posts

രണ്ടാഴ്ചമുമ്പ് വിവാഹപ്പന്തല്‍ കെട്ടിയ അതേ മുറ്റത്ത് മരണപ്പന്തല്‍; അവര്‍ ഒരേ മണ്ണിലുറങ്ങി

കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് കബറടക്കി.[www.malabarflash.com]


കുമ്മിള്‍ ചോനാമുകളില്‍ പുത്തന്‍വീട്ടില്‍ വിവാഹപ്പന്തല്‍ അഴിച്ചെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിരുന്നില്ല. രണ്ടാഴ്ചമുമ്പ് കെട്ടിയ വിവാഹപ്പന്തലിന്റെ സ്ഥാനത്ത് മരണപ്പന്തല്‍ ഉയര്‍ന്നപ്പോള്‍ നാടാകെ വിതുമ്പി. പരേതനായ ഇസ്ഹാക്കിന്റെയും ഹയറുന്നിസയുടെയും മൂത്തമകന്‍ സിദ്ധീഖിന്റെ വിവാഹം നടന്നിട്ട് ദിവസങ്ങള്‍മാത്രമേ ആയുള്ളൂ.

ആയൂര്‍ അര്‍ക്കന്നൂര്‍ കാവതിയോട് പച്ചയില്‍വീട്ടില്‍ നൗഷാദിന്റെയും നസീമയുടെയും മകളാണ് നൗഫിയ. വിവാഹാനന്തരം ബന്ധുവീടു സന്ദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്.

മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന സിദ്ധിഖ് തന്റെയും സഹോദരന്‍ സാദിഖിന്റെയും വിവാഹത്തോടനുബന്ധിച്ച് ഒന്നരമാസംമുമ്പാണ് നാട്ടില്‍ വന്നത്. സാദിഖിന്റെ വിവാഹം ഒരുമാസംമുമ്പായിരുന്നു.

സഹോദരന്റെ വിവാഹശേഷമായിരുന്നു സിദ്ധിഖിന്റെ വിവാഹം. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ നൗഫിയയുടെ വീട്ടില്‍ കൊണ്ടുവന്നശേഷമാണ് കിഴുനിലയിലെ സിദ്ധിഖിന്റെ വീട്ടിലെത്തിച്ചത്.

നൗഫിയയുടെ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടാകെയെത്തി. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ദമ്പതിമാരുടെ മൃതദേഹവുമായി ആംബുലന്‍സ് വീട്ടിലെത്തിയത്.

നൗഫിയയുടെ പിതാവ് നൗഷാദ് വെല്‍ഡിങ് തൊഴിലാളിയാണ്. മകളുടെ വിവാഹത്തിനായി വീടും സ്ഥലവും വിറ്റിരുന്നു. പിന്നീട് ചെറിയ വെളിനല്ലൂരില്‍ അല്പം ഉള്ളിലേക്കു മാറി പത്തുസെന്റ് സ്ഥലം വാങ്ങി.

പ്രദേശവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട നൗഫിയയുടെ വേര്‍പാട് സഹപാഠികളെയും കണ്ണീരിലാഴ്ത്തി. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടി വിജയിച്ച നൗഫിയ നാടിനും അഭിമാനമായിരുന്നു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ അവസാനവര്‍ഷ സുവോളജി ഡിഗ്രി വിദ്യാര്‍ഥിനിയാണ്. പത്താംക്ലാസ് വിദ്യാര്‍ഥിനി നജിമയാണ് നൗഫിയയുടെ സഹോദരി.

Post a Comment

0 Comments