NEWS UPDATE

6/recent/ticker-posts

വ്യാജ പോളിസി സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; സ്റ്റാർ ഹെല്‍ത്ത് മുൻ ജീവനക്കാരൻ അറസ്റ്റിൽ

ബേപ്പൂർ: വ്യാജ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്റ്റാർ ഹെൽത്ത് മുൻ ജീവനക്കാരൻ അറസ്റ്റിൽ. കൊളത്തറ സ്വദേശി ആർ.കെ.കുമാർ ഷാനു (28) ആണു അറസ്റ്റിലായത്. സ്റ്റാർ ഹെൽത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡിജിപിക്കു നൽകിയ പരാതിയിൽ എസ്ഐ കെ.ഷുഹൈബിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]


നേരത്തേ സ്റ്റാർ ഹെൽത്ത് റിലേഷൻഷിപ് മാനേജരായി ജോലി ചെയ്തിരുന്ന കുമാർ ഷാനു, കമ്പനി വിട്ട ശേഷം മുൻപ് പരിചയമുള്ളവരെയും മറ്റും പോളിസി എടുക്കാൻ സമീപിച്ചു തന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയാണ് വ്യാജ പോളിസി സർട്ടിഫിക്കറ്റ് നൽകിയത്.

സ്റ്റാർ ഹെൽത്തിന്റെ പേരിൽ വ്യാജ ഇമെയിൽ വിലാസം തയാറാക്കിയായിരുന്നു ഇൻഷുറൻസിൽ ചേർന്നവർക്ക് പോളിസി അയച്ചിരുന്നത്. ഒരു വർഷ കാലാവധി കഴിഞ്ഞ ചിലർ പോളിസി പുതുക്കാൻ സ്റ്റാർ ഹെൽത്തിനെ സമീപിച്ചപ്പോഴാണ് വ്യാജമാണെന്നു തിരിച്ചറിഞ്ഞത്.

ഇതോടെ പോളിസി എടുത്തു വഞ്ചിക്കപ്പെട്ടവർ സ്റ്റാർ ഹെൽത്തിൽ വിവരം അറിയിച്ചു. തുടർന്നാണു സ്റ്റാർ ഹെൽത്ത് അധികൃതർ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്. അന്വേഷണത്തിൽ വ്യാജ ഇൻഷുറൻസ് പോളിസി നൽകി 7 പേരിൽ നിന്നു 4 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തതായി കണ്ടെത്തി. 

വ്യാജ പോളിസി നിർമിക്കൽ, ഇടപാടുകാരെ വഞ്ചിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. സീനിയർ സിപിഒ പി.മധുസൂദനൻ, സിപിഒ എ.ആർ.പ്രശാന്ത് കുമാർ, വനിത സിപിഒ സി.ഉമാദേവി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments