NEWS UPDATE

6/recent/ticker-posts

വിമാനത്തിലെത്തി ഓട്ടോയിൽ കറങ്ങി മോഷണം: 'പറക്കും കള്ളൻ' പിടിയിൽ

തിരുവനന്തപുരം: ആന്ധ്രപ്രദേശിൽനിന്ന് വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തി വിമാനത്തിൽത്തന്നെ മടങ്ങുന്ന കള്ളൻ സമ്പതി ഉമ പ്രസാദ് (32) പിടിയിൽ. ഏറെ നാളായി പോലീസിനെ വലയ്ക്കുന്ന പ്രതിയെ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് ഉമ പ്രസാദ്. ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇക്കഴി‍ഞ്ഞ മേയ് 28ന് ഉമ പ്രസാദ് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രവും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് ജൂൺ രണ്ടിന് തിരിച്ചെത്തി നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചുപോയി. വീണ്ടും ആറാം തീയതി തിരിച്ചെത്തി ഫോർട്ട്, പേട്ട സ്റ്റേഷൻ പരിധികളിൽ മൂന്നു മോഷണങ്ങൾ നടത്തി. ജൂലൈ ഒന്നിന് വീണ്ടും ആന്ധ്രയിലേക്ക് മടങ്ങി.

മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, പ്രതി യാത്ര ചെയ്ത ഒരു ഓട്ടോയുടെ ഡ്രൈവറിലേക്കെത്താൻ പോലീസിനു സാധിച്ചതാണ് വഴിത്തിരിവായത്. പ്രതിയെ കൊണ്ടുവിട്ട ഹോട്ടൽ ഓട്ടോറിക്ഷ ഡ്രൈവർ പോലീസിനു പറഞ്ഞു കൊടുത്തു. ഇതോടെ, മോഷ്ടാവിന്റെ പേരും മേൽവിലാസവും ഹോട്ടൽ രേഖകളിൽനിന്ന് പോലീസ് കണ്ടെത്തി.

തുടർന്നു നടത്തിയ അന്വേഷണത്തിൽ, മോഷ്ടാവ് കേരളത്തിലേക്കു തിരിച്ചുവരാനുള്ള തയാറെടുപ്പിലാണെന്ന് മനസിലായി. ജൂലൈ അഞ്ചിന് പുലർച്ചെ തിരുവനന്തപുരത്തേക്ക് ഇയാൾ വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പുലർച്ചെ വിമാനത്താവളത്തിലെത്തിയ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തൊണ്ടിമുതലുകളിൽ ചിലത് ചാക്ക പാലത്തിന്റെ അടിയിൽനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് സിറ്റി പോലീസ് കമ്മിഷണർ നാഗരാജു പറഞ്ഞു. 60,000 സിസിടിവികൾ പോലീസിന്റെ ഡാറ്റാ ബാങ്കിലുണ്ട്. ഇക്കഴിഞ്ഞ മേയിൽ പ്രതി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വന്നെന്നും ജൂണിൽ മോഷണം ആസൂത്രണം ചെയ്തെന്നും കമ്മിഷണർ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാരും ഹോട്ടൽ ജീവനക്കാരും അന്വേഷണവുമായി സഹകരിച്ചെന്നും കമ്മിഷണർ പറഞ്ഞു.

ആന്ധ്രയിലെ ഖമ്മം ജില്ലയിലെ നഗരപ്രദേശത്താണ് പ്രതി താമസിക്കുന്നത്. നാട്ടിൽ നിരവധി കേസുകളുണ്ട്. വർഷങ്ങൾക്ക് മുൻപ് എവറസ്റ്റ് കീഴടക്കാൻ ശ്രമം നടത്തിയിരുന്നു. സ്വർണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. സ്വര്‍ണം ആന്ധ്രയിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കും. 

തൊപ്പിയും ബനിയനും ഷോർട്സുമാണ് മോഷണ സമയത്തെ വേഷം. മോഷണങ്ങളെല്ലാം സമാനമായ രീതിയിലായിരുന്നു. കണ്ണുകൾ ഒഴികെ മറയ്ക്കുന്ന മുഖാവരണവും കയ്യുറയും ധരിച്ചായിരുന്നു മോഷണം. ജനലഴി ഇളക്കാനുള്ള പാരയും വാതിൽ പൊളിക്കുന്നതിനുള്ള കട്ടറും കയ്യിലുണ്ടാകും. റസിഡൻഷ്യൽ ഏരിയകളിൽ പകൽ കറങ്ങി നടന്ന് ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്ന വീടുകൾ നിരീക്ഷിക്കും. വീടുകളിലെ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തശേഷം സ്റ്റോർ ചെയ്യുന്ന ബോക്സും കൊണ്ടുപോകുന്നതായിരുന്ന പതിവ്.

Post a Comment

0 Comments