ബെംഗളൂരു: ജനനായകന്‍ വിടവാങ്ങി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും പരിഹരിക്കാനും ശ്രമിച്ച് അവര്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.[www.malabarflash.com]
ജനങ്ങള്‍ക്കിടയില്‍ ജീവിച്ച്, ജനകീയതയുടെ പരകോടിയായിരുന്നു നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. പുതുപ്പള്ളിയുടെ മണ്ണില്‍ ആഴത്തില്‍ വേരുകളാഴ്ത്തി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പടര്‍ന്നുപന്തലിച്ച മഹാവൃക്ഷമായിരുന്നു അദ്ദേഹം. നിയമസഭാ സാമാജികനെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും ജനാഭിരുചിയുടെ മിടിപ്പുകള്‍ തിരിച്ചറിഞ്ഞ് നിങ്ങാന്‍ സവിശേഷ പ്രാഗത്ഭ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ച രാഷ്ട്രീയനേതാവും സാമാജികനുമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മന്‍ ചാണ്ടിയാണ് നിയമസഭാംഗമായി 53 വര്‍ഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു.
തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.
1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയായിരുന്നു തുടക്കം. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും തുടര്‍ന്ന് എ.ഐ.സി.സി അംഗവുമായി.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടി 1970 സെപ്റ്റംബര്‍ 17-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചത്. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തില്‍ വെന്നിക്കൊടിപാറിച്ചു. പിന്നീട് വിജയങ്ങളുടെ പരമ്പരയായിരുന്നു-1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021. എല്ലാത്തവണയും ഒരേ മണ്ഡലം- പുതുപ്പള്ളി.
0 Comments