NEWS UPDATE

6/recent/ticker-posts

ജ്വല്ലറി കവർച്ചാശ്രമം: ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയില്‍.[www.malabarflash.com]

നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (നിതിൻ നിലമ്പൂര്‍ – 26), പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ (34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരെ കൊടുവള്ളി പോലീസാണു പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ജ്വല്ലറിയുടെ പുറകുവശത്തെ ചുമർ തുറക്കുന്നതിനിടെ ശബ്ദം കേട്ട് നരിക്കുനിയിൽ ഉണ്ടായിരുന്ന ഗൂർഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അമീറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിഞ്ഞത്.

തുടർന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസാമിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ മേൽനോട്ടത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവർ പിടിയിലായത്. സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതികള്‍ കാറിൽ പോകുന്നതിനിടെ, കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുടൂരിൽ വച്ചു കാർ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

പിടിയിലായ നിതിൻ ചാരിറ്റി പ്രവർത്തകനും ബ്ലോഗറുമാണ്. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് കൂടുതൽ അടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. മുഖ്യപ്രതിയായ നിധിൻ കവർച്ചയ്ക്കായി ഓൺലൈനിൽനിന്നു വാങ്ങിയ പ്ലാസ്റ്റിക് പിസ്റ്റളും കമ്പിപ്പാര, ഉളി, ചുറ്റിക, സ്ക്രൂഡ്രൈവർ, ഗ്ലൗവ്സ്‌, തെളിവുനശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും കരുതിയിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, എസ്ഐമാരായ പ്രകാശൻ, സാജു, ഷിബു, എഎസ്ഐ ലിനീഷ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് ബാബു, പ്രജീഷ്, ബിനേഷ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീജേഷ്, ഡ്രൈവർ ജിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി പോലീസ് അറിയിച്ചു.

Post a Comment

0 Comments