കോഴിക്കോട്: ഗവ.ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി) യിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരു ഹൗസ് സർജൻ സമയം വൈകി എത്തിയത് മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അത്യാഹിത വിഭാഗത്തിൽ രോഗികളുടെ മുന്നിൽവെച്ചാണ് വാക്കേറ്റവും അടിപിടിയും നടന്നത്. തർക്കം ഹൗസ് സർജൻമാരുടെ മുറിക്കുള്ളിലും തുടർന്നു.[www.malabarflash.com]
ഒരു ഹൗസ് സർജന്റെ ഷർട്ടും കയ്യാങ്കളിയിൽ കീറിപ്പോയി. രോഗികൾക്കൊപ്പമെത്തിയവർ ഹൗസ് സർജൻമാരുടെ മുറിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോഴേക്കും വാതിൽ അടച്ച് ലൈറ്റ് ഓഫ് ചെയ്തു. മുപ്പതിലധികം രോഗികളാണ് ഈ സമയം അത്യാഹിത വിഭാഗത്തിൽ ചികിത്സ കാത്തിരുന്നത്.
അരമണിക്കൂറോളം നീണ്ട തർക്കം, അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതേസമയം, സംഭവത്തെ തുടർന്ന് ചികിത്സ വൈകിയതായി രോഗികളും കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും എന്നാൽ, രോഗികൾക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
0 Comments