ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിന്‍റെ പേരിൽ കേസെടുത്ത് ഡല്‍ഹി പോലീസ്. സഖ്യത്തില്‍ ഉള്‍പ്പെട്ട 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായും അന്യായമായ സ്വാധീനത്തിനായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ. അവിനിഷ് മിശ്ര എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.[www.malabarflash.com]
പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിലൂടെ 26 പാര്‍ട്ടികള്‍ രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നും ഇന്ത്യ എന്ന പദം തിരഞ്ഞെടുപ്പില്‍ മറ്റൊരുവിധത്തിൽ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ പാര്‍ട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബരാഖംബ പോലീസ് സ്‌റ്റേഷനിലാണ് അവിനിഷ് മിശ്ര പരാതി നല്‍കിയത്.
സംഭവത്തില്‍ എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, എന്‍സിപി ശരദ് പവാര്‍ വിഭാഗം, എന്‍സി, പിഡിപി, സിപിഎം, സിപിഐ, ആര്‍എസ്പി, ശിവ സേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌ന ദള്‍, എംഡിഎംകെ തുടങ്ങി വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ 26 പാര്‍ട്ടികള്‍ക്കെതിരേയാണ് കേസ്.
ഇന്ത്യ എന്ന പദത്തെ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും ഇത് രാജ്യത്തിന്റെ അന്തസ്സിനെ അവഹേളിച്ചുവെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി സോഷ്യല്‍ മീഡിയ തലവന്‍ അഷുതോഷ് ദുബെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച ബെംഗളൂരുവില്‍ സമാപിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സമ്മേളനത്തിലാണ് പുതിയ പ്രതിപക്ഷ മുന്നണിക്ക് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സ്) എന്ന് പേര് നല്‍കിയത്.
0 Comments