NEWS UPDATE

6/recent/ticker-posts

ഇത് രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടം, INDIA എന്ന് പേരിട്ടത് അതുകൊണ്ട്- രാഹുല്‍ ഗാന്ധി

ബെംഗളൂരു: ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് 'INDIA' എന്ന പേര് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യ എന്ന ആശയം അക്രമിക്കപ്പെടുകയാണെന്നും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍നിന്ന് രാജ്യത്തിന്റെ ശബ്ദം തട്ടിയെടുക്കപ്പെടുകയാണെന്നും രാഹുല്‍ ആരോപിച്ചു. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.[www.malabarflash.com]


'ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഞങ്ങള്‍ INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്) എന്ന പേര് തിരഞ്ഞെടുത്തത്. ഈ പോരാട്ടം എന്‍ഡിഎയും ഇന്ത്യയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. ഇന്ത്യയുടെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ എന്ന ആശയത്തെ ആരെങ്കിലും ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം', രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ യോഗം ഏറെ ക്രിയാത്മകവും ഫലപ്രദവുമായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാന്‍ രാജ്യത്തെ വില്‍ക്കാനുള്ള ഇടപാടുകളാണ് ബിജെപി നടത്തുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര ഏജന്‍സികളെ അവര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും മമത ആരോപിച്ചു.

'ഞങ്ങള്‍ യഥാര്‍ഥ വെല്ലുവിളി ഏറ്റെടുക്കുന്നു. എന്‍ഡിഎ, ഇന്ത്യയെ നിങ്ങള്‍ വെല്ലുവിളിക്കുമോ? ബിജെപി, ഇന്ത്യയെ നിങ്ങള്‍ വെല്ലുവിളിക്കുമോ?. മാതൃരാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞങ്ങള്‍ രാജ്യസ്‌നേഹികളാണ്. ഈ രാജ്യത്തിനുവേണ്ടിയും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ദളിതര്‍ക്കുമെല്ലാം വേണ്ടിയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനവും പ്രചാരണവും ഇന്ത്യ എന്ന ബാനറിന് കീഴിലാണ്. ആര്‍ക്കെങ്കിലും ഞങ്ങളെ വെല്ലുവിളിക്കാന്‍ സാധിക്കുമെങ്കില്‍ അതിന് ശ്രമിക്കാം. ഇന്ത്യ ജയിക്കും ബിജെപി നശിക്കും', മമത പറഞ്ഞു

ബെംഗളൂരുവില്‍ ഇന്ന് സമാപിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനത്തിലാണ് സഖ്യത്തിന് INDIA എന്ന് പേരിടാന്‍ തീരുമാനിച്ചത്. സഖ്യത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. രണ്ട് സബ് കമ്മിറ്റികളും രൂപവത്കരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ഈ യോഗത്തിലായിരിക്കും അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.

കഴിഞ്ഞമാസം 23-ന് പട്‌നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ബെംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തിനെത്തി. എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Post a Comment

0 Comments