NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം: മൂന്നുപേർ കൂടി അറസ്റ്റിൽ; സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പോലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. നൗഷാദ് പി. എം, സായസമീർ, ആവി സ്വദേശിയായ 17കാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.[www.malabarflash.com]


അതേസമയം കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പോലീസ്. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വിദ്വേഷ പ്രസംഗം , പ്രകോപനപരമായ സന്ദേശങ്ങള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സംഘം നിരീക്ഷിക്കുകയാണ്. വാട്‌സ്ആപ് , ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും വൈഭവ് സക്‌സേന പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം മുഴങ്ങിയത് വിവാദമായത്. കാഞ്ഞങ്ങാട് സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം ഉയർന്നത്.

അന്യമത വിദ്വേഷ മുദ്രാവാക്യം പ്രവർത്തകൻ വിളിച്ചു കൊടുക്കുമ്പോൾ മറ്റുള്ളവർ അത് ആവേശത്തോടെ ഏറ്റു വിളിക്കുന്നുമുണ്ട്. ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഐ ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments