കോഴിക്കോട് : ഏക സിവിൽ കോഡ് രാജ്യത്തെയും ജനങ്ങളെയും വെട്ടിമുറിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും, ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പ്രശ്നമാണിതെന്നും, അതിനാൽ തന്നെ പാർലമെന്റിൽ രാഷ്ട്രീയം മറന്ന് എല്ലാ അംഗങ്ങളും ശക്തമായി എതിർക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനത്ത് നിന്നുള്ള മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും നിവേദനം സമർപ്പിക്കും.[www.malabarflash.com]
വ്യത്യസ്ത മത , വർണ്ണ, വർഗ്ഗങ്ങൾ അവരവരുടെ വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളുമായാണ് ഇത് വരെ ജീവിച്ചത്. ആ രീതിയിൽ ജീവിച്ച് തന്നെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യവും , ഇന്ന് കാണുന്ന പുരോഗതിയും ഒക്കെ കൈവരിച്ചിട്ടുളത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണിത്. ഇതിനെയെല്ലാം ഒറ്റ സിവിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരാനുള്ള കേന്ദ്ര നീക്കം ദുരൂഹവും രാഷ്ട്രീയ പ്രേരിതവുമാണ്.
ഇന്ത്യയിലെ പല പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ്ഗങ്ങൾ ഉൾപെടെ പൊതു സിവിൽ നിയമം അനാവശ്യമാണെന്ന് പ്രഖ്യാപിച്ചതാണ്. നാനാത്വത്തിൽ ഏകത്വമെന്ന പൊതു രീതി സ്വീകരിച്ച് കഴിഞ്ഞ് കൂടുന്ന ഇന്ത്യൻ ജനതയെ തമ്മിൽ ഭിന്നിപ്പിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഏക സിവിൽ നിയമം വഴി വെക്കും. അതിനാൽ തന്നെ കേരളത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളും പാർലമെന്റിൽ ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് നിവേദനത്തിൽ കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
നിവേദന സമർപ്പണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസറകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന് നിവേദനം നൽകി സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയും, സംസ്ഥാന സമിതിയംഗം പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയും നിർവ്വഹിച്ചു.
ജില്ലാ മീഡിയ ചെയർമാൻ സി.എൽ. ഹമീദ് ഹാജി, ഹുസൈൻ കടവത്ത്, അശ്റഫ് കരിപ്പൊടി, ഇസ്മായീൽ സഅദി പാറപ്പള്ളി, താജുദ്ധീൻ ഉദുമ എന്നിവരും സന്നിഹിതരായിരുന്നു.
0 Comments