ഇടുക്കി: പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് എക്സൈസ് പിടിയിലായി. ഉപ്പുതറ കണ്ണമ്പടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച സ്ത്രീയെ ഒഴിവാക്കുന്നതിനായാണ് യുവാവ് സ്ത്രീയെ കേസിൽ കുടുക്കാൻ ശ്രമിച്ചത്.[www.malabarflash.com]
എം ഡി എം എ പേഴ്സിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം ജയനും പെൺസുഹൃത്തും താമസിച്ച ലോഡ്ജിലെത്തി പരിശോധന നടത്തി. തുടർന്ന് സ്ത്രീയുടെ പേഴ്സിൽ നിന്നും എം.ഡി.എം.എ പിടികൂടി. വിശദമായി പരിശോധിച്ചപ്പോഴാണ് ജയന്‍റെയും വിളിച്ചു പറഞ്ഞയാളിന്‍റെയും നമ്പർ ഒന്നാണെന്ന് കണ്ടെത്തിയത്. ജയന്‍റെ തട്ടിപ്പ് വെളിവായതോടെ സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് എക്സൈസ് സംഘം ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ജയനൊപ്പം കഴിഞ്ഞ രണ്ടു മാസമായി സ്ത്രീ പൊൻകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിനിയായ സ്ത്രീ ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. കണ്ണംമ്പടിയിലെ ജയന്റെ വീട്ടിലേയ്ക്ക് പോകാമെന്ന് പറഞ്ഞാണ് സ്ത്രീയെ ജയൻ കട്ടപ്പനയിലെത്തിച്ചത്.
300 മില്ലിഗ്രാം എം ഡി എം എയാണ് അധികൃതർ പിടികൂടിയത്. സ്ത്രീയെ ഒഴിവാക്കുന്നതിനായാണ് ജയൻ കേസിൽ കുടുക്കാൻ ശ്രമിച്ചത്. വിവാഹിതനായ ജയൻ നിരവധി കഞ്ചാവ്, മയക്ക് മരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
0 Comments