കോട്ടയം: കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി എട്ടുമാസം പ്രായമുള്ള മകനും കരൾ പകുത്തുനൽകാൻ ഭാര്യയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതിനിടെ ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ വളപുരം കരിമ്പാടത്ത് ജയേഷിനെ (53) ആണ് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ജയേഷ്–സുനിത ദമ്പതികളുടെ മകൻ സായൂജ് കൃഷ്ണയെ കഴിഞ്ഞ വ്യാഴാഴ്ചയാണു കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിതയാണു മകനു കരൾ നൽകുന്നത്. 28ന് ആണു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. സഹായത്തിനായി ജയേഷും സഹോദരൻ കൃഷ്ണദാസുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ടോടെ ജയേഷിനെ കാണാതാവുകയായിരുന്നു.
കുട്ടിക്കുണ്ടായ അസുഖത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു ജയേഷെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ടെന്നു പൊലീസ് പറയുന്നു. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന ചെലവ് സർക്കാരാണു വഹിക്കുന്നത്. അതിനാൽ ചികിത്സ സംബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റു പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജയേഷിന്റെ മറ്റു മക്കൾ: സായ് കൃഷ്‌ണ, സജയ് കൃഷ്‌ണ.
0 Comments