ത്രെഡ്സിൽ അക്കൗണ്ടെടുക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. അക്കൗണ്ട് എടുത്തവരും എടുക്കാന്‍ പോകുന്നവരും മെറ്റയുടെ കീഴിലുള്ള ഈ ആപ്പിന്‍റെ വ്യക്തിഗത ഡാറ്റ ശേഖരിക്കാനുള്ള ശുഷ്കാന്തിയെക്കുറിച്ച് അറിഞ്ഞിരിക്കണം. മെറ്റയുടെ ത്രെഡ്സ് ആപ്പ് യൂറോപ്യൻ യൂണിയനിൽ ലഭ്യമല്ലെന്ന് നിങ്ങളിലെത്ര പേർക്കറിയാം.[www.malabarflash.com]ഇൻസ്റ്റാഗ്രാമിന്റെയും ത്രെഡ്‌സിന്റെയും മാതൃ കമ്പനിയായ മെറ്റ നിലവിൽ രണ്ട് ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഡാറ്റ പങ്കിടലിന്റെ കുരുക്കിലാണ്. ഇതാണ് യൂറോപ്യൻ യൂണിയനിൽ ത്രെഡ്സ് ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്നാണ് ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്.
ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല. ട്വിറ്ററിന്‍റെ ഡാറ്റാ ശേഖരണ ശേഷിയെ മറികടന്നുകൊണ്ട് 25 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നിരവധി ഉപയോക്തൃ ഡാറ്റകൾ ഇത് ശേഖരിക്കുന്നുണ്ട്. വെബ് ബ്രൗസിംഗ്, ശാരീരിക വിലാസങ്ങൾ, ആരോഗ്യം, ഫിറ്റ്നസ് വിവരങ്ങൾ, ട്വിറ്റർ ശേഖരിക്കാത്ത മറ്റ് ഉപയോക്തൃ കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റകളാണ് ആപ്പ് ശേഖരിക്കുന്നത്.
ഡാറ്റാ ശേഖരണത്തിന്റെ വ്യാപ്തി വലുതാണെന്ന് സാരം. ഗൂഗിൾ പ്ലേ സ്റ്റോറിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ ദീർഘമായ പരിശോധനയിൽ ആപ്പ് കളക്ട് ചെയ്ത ഡാറ്റകളുടെ ഒരു നീണ്ട ലിസ്റ്റ് കിടപ്പുണ്ട്. നിങ്ങളുടെ ആപ്പ് ഉപയോഗം, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, ഇൻ-ആപ്പ് തിരയൽ ഹിസ്റ്ററി, വെബ് ബ്രൗസിംഗ് പ്രവർത്തനങ്ങൾ, കലണ്ടർ ഇവന്റുകൾ, കോൺടാക്റ്റുകൾ, വോയ്‌സ് അല്ലെങ്കിൽ സൗണ്ട് റെക്കോർഡിംഗുകൾ, മ്യൂസിക് ഫയലുകൾ, വിവിധ ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, എസ്എംഎസ് സന്ദേശങ്ങൾ, ഇൻ-ആപ്പ് ആശയവിനിമയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇമെയിലുകൾ, പേയ്‌മെന്റ് കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, കൂടാതെ സാമ്പത്തിക ഡാറ്റ പോലും ഇതിൽ ഉൾപ്പെടുന്നുണ്ട്.കൂടുതൽ സെൻസിറ്റീവ് മേഖലകളിലേക്ക് കടന്ന്, ബയോമെട്രിക് ഡാറ്റ, ലൈംഗിക ആഭിമുഖ്യം, വംശീയ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ആപ്പ് സാധാരണ ഡാറ്റാ ശേഖരണത്തിനപ്പുറം പോകുന്നുണ്ട്.
നിലവിൽ ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു കഴിഞ്ഞു. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത്.
0 Comments