പാലക്കാട്: വിവാഹം കഴിഞ്ഞ് ആറാം ദിവസമുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വെച്ച് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്.[www.malabarflash.com]
ജൂലൈ നാലാം തീയതിയാണ് അനീഷയും ഷക്കീറും വിവാഹിതരായത്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തി കോയമ്പത്തൂരിലെ ഷക്കീറിന്‍റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷക്കീറിനെ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച 11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ഇരുചക്രവാഹനത്തിൽ അതേ ദിശയിൽ സഞ്ചരിച്ച കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
നിർത്തിയിട്ട കണ്ടെയ്നർ മുന്നോട്ട് എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ ലോറി കയറിയിറങ്ങുകയായിരുന്നു. കസബ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
0 Comments