NEWS UPDATE

6/recent/ticker-posts

പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ അഞ്ചു ദിവസം മുമ്പ് വിവാഹിതരായ നവദമ്പതികളെ പുഴയിൽ വീണ് കാണാതായി; ഒപ്പമുണ്ടായിരുന്ന ബന്ധു മരിച്ചു

തിരുവനന്തപുരം: പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതിപുഴയിൽ വീണ് നവദമ്പതികളെ കാണാതായി. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധുവായ യുവാവ് മരിച്ചു.[www.malabarflash.com]

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ ആറ്റിലേക്ക് വീണത്. ഇവർക്കൊപ്പം പുഴയിലേക്ക് വീണ ബന്ധുവായ അൻസിലിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിലിനായി പ്രത്യേക നീന്തൽ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും തടിച്ചുകൂടിയിട്ടുണ്ട്.

അഞ്ചു ദിവസം മുമ്പായിരുന്നു സിദ്ദിഖിന്‍റെയും നൗഫിയുടെയും വിവാഹം നടന്നത്. വിവാഹശേഷം ഇരുവരും പള്ളിക്കലുള്ള ബന്ധുവായ അൻസിലിന്‍റെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു. അൻസിലിന്‍റെ വീട്ടിലെത്തിയ നവദമ്പതികൾ ബന്ധുക്കൾക്കൊപ്പം സമീപത്തെ പുഴവക്കിലേക്ക് എത്തുകയായിരുന്നു. പാറക്കൂട്ടം നിറഞ്ഞ പുഴവക്കിൽനിന്ന് ഇവർ ഫോട്ടോ എടുക്കുകയായിരുന്നു. അൻസിലും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി നവദമ്പതികളും അൻസിലും പുഴയിലേക്ക് വീണു. അൻസിലിനെ അവിടെ ഉണ്ടായിരുന്നവർ രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും സിദ്ദിഖിനെയും നൗഫിയെയും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. അൻസിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

പള്ളിക്കൽ പോലീസാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കല്ലമ്പലത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തെരച്ചിലിന് രംഗത്തുള്ളത്.


Post a Comment

0 Comments