ഇടുക്കി: കല്യാണപ്പിറ്റേന്ന് നവവധുവിനെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയതായി പരാതി. കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനിൽ രഞ്ജിത്തിന്‍റെ ഭാര്യ ഖിബയെയാണ് ഒരുകൂട്ടം ആളുകൾ എത്തി തട്ടികൊണ്ട് പോയത്. ഇടുക്കിയിൽ ഉദയഗിരിയിൽ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് ഖിബയുടെ ബന്ധുവും കൂട്ടരും ചേർന്ന് വീടിന്റെ വാതിൽ തല്ലിതകർത്ത് വീട്ടുകാരെ മർദിച്ചശേഷം ഖിബയെ തട്ടികൊണ്ട് പോയത്. സംഭവത്തെത്തുടർന്ന് തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
രഞ്ജിത്തും ബിബയും തമ്മിലുള്ള വിവാഹം ഈ മാസം പതിനഞ്ചിനാണ് നടന്നത്. നാലുവർഷം പ്രണയത്തിലായിരുന്ന ഇവർ ഖിബയുടെ വീട്ടുകാർ അറിയാതെയാണ് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. കല്യാണത്തിന് ശേഷം ഖിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ ഇവരെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയതായും പറയുന്നു.
പിന്നീട് ഇടുക്കി ഉദയഗിരിയിലെ സഹോദരിയുടെ വീട്ടിലേക്കു ഖിബയും രഞ്ജിത്തും എത്തുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിക്ക് നാലു വാഹനങ്ങളിലായി എത്തിയ ഇരുപതോളം ആളുകൾ രഞ്ജിത്തിന്‍റെ സഹോദരിയുടെ വീട്ടിൽ എത്തുകയും, വാതിൽ ചവിട്ടിത്തുറന്നു വീട്ടിൽ ഉണ്ടായിരുന്ന ആളുകളെ മർദിച്ച ശേഷം ഖിബയെയും കൊണ്ട് കടന്നതായും രഞ്ജിത്ത് പറയുന്നു.
രഞ്ജിത്തിന്‍റെ സഹോദരി, ഭർത്താവ്, ഇവരുടെ പിതാവ്, കുട്ടികൾ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം നടത്തിയത് എന്ന് വീട്ടുടമസ്ഥനായ രാജപ്പൻ പറയുന്നു. വീട്ടിൽ നിന്നും ഇറക്കി മിനിട്ടിനുകൾക്കുള്ളിൽ ഖിബയെ വാഹനത്തിൽ കയറ്റി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രദേശവാസിയായ സാബു പറയുന്നത്.
ഖിബയുടെ ബന്ധുവായ പത്തനാപുരം സ്വദേശി അനീഷ് ഖാൻ എച്ച്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യദുകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തി ഭാര്യയെ തട്ടിക്കൊണ്ടുപോയതെന്നാണ് രഞ്ജിത് പറയുന്നത്. സംഭവത്തെത്തുടർന്ന് തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments