NEWS UPDATE

6/recent/ticker-posts

എസ്.ബി.ഐയിൽ അക്കൗണ്ടില്ലാത്തവർക്കും യോനോ ആപ് ഉപയോഗിച്ച് യു.പി.ഐ ഇടപാട് നടത്താം

എസ്.ബി.ഐയിൽ അക്കൗണ്ടില്ലാത്തവർക്കും ബാങ്കിന്റെ യോനോ ആപ് ഉപയോഗിച്ച് ഇനി മുതൽ യു.പി.ഐ ഇടപാടുകൾ നടത്താം. യോനോ ഇനി എല്ലാ ഇന്ത്യക്കാരുടേതുമായി മാറാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ആപ് ഉപയോഗിച്ച് എത് ബാങ്കിൽ അക്കൗണ്ടുള്ളയാൾക്കും യു.പി.ഐ ഇടപാട് നടത്താമെന്ന് എസ്.ബി.ഐ അറിയിച്ചു.[www.malabarflash.com]


എസ്.ബി.ഐയുടെ യോനോ ആപ് ഗൂഗ്ളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തതതിന് ശേഷം അതിലെ രജിസ്റ്റർ നൗ ഓപ്ഷൻ ഉപയോഗിച്ച് മറ്റ് ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് യോനോ ഉപയോഗിച്ച് യു.പി.ഐ സേവനം ലഭിക്കും. ഇതിനായി രജിസ്റ്റർ നൗ ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിന് ശേഷം രജിസ്റ്റർ ടു മേക്ക് യു.പി.ഐ പേയ്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകണം.

ഇതിന് ശേഷം എസ്.എം.എസ് ഉപയോഗിച്ച് മൊബൈൽ നമ്പറിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കണം. പിന്നീട് ഏത് ബാങ്കിലാണോ അക്കൗണ്ട് ഉള്ളത് അത് സെലക്ട് ചെയ്ത് യു.പി.ഐ ഐ.ഡിയുണ്ടാക്കാം. ഇതിന് ശേഷം ആപിലേക്ക് കയറാനുള്ള ആറക്ക എംപിൻ കൂടി നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

ഫോൺപേ, ഗൂഗ്ൾ പേ ആപുകളിൽ ലഭിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പണമയക്കൽ, ഒരു അക്കൗണ്ടിൽ നിന്നും മറ്റൊന്നിലേക്ക് പണമയക്കൽ, ഫോൺ കോൺടാക്ടുകളിലേക്ക് പണമയക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം യോനോയിലും ലഭിക്കും. യു.പി.ഐ രംഗത്തേക്ക് കടക്കുന്നതിലൂടെ ഫോൺപേ, പേടിഎം, ഗൂഗ്ൾ പേ തുടങ്ങിയവക്ക് വെല്ലുവിളി ഉയർത്തുകയാണ് എസ്.ബി.​ഐ ലക്ഷ്യം.

Post a Comment

0 Comments