NEWS UPDATE

6/recent/ticker-posts

ഉപഭോക്താവ് എന്ന വ്യാജേന സൂപ്പർ മാർക്കറ്റിൽ എത്തി മോഷണം; അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ

 

കൊച്ചി: ഉപഭോക്താവ് എന്ന വ്യാജേന സൂപ്പർ മാർക്കറ്റിൽ എത്തി മോഷണം നടത്തിയ അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ. മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മുഹമ്മദ് ഷേക്ക് (24), അയാൻ മൊയ്തീൻ (26) എന്നിവരാണ് പിടിയിലായത്. [www.malabarflash.com]

എറണാകുളം മരടിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് സംഭവം. ഇവിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഘം സൂപ്പർ മാർക്കറ്റിൽ എത്തി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

സൂപ്പർമാർക്കറ്റിൽ എത്തിയ പ്രതികൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗില്ലറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിലപിടിപ്പുള്ള കാട്രീജുകൾ മോഷ്ടിച്ച് വസ്ത്രങ്ങളുടെയും മറ്റും ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മുൻപും പല തവണ ഇവിടെ സമാന രീതിയിൽ ഇവർ മോഷണം നടത്തിയതായി വ്യക്തമായി. 

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ മാളുകൾ കേന്ദ്രികരിച്ച്‌ സംഘം ഇത്തരം മോഷണം നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ മോഷണങ്ങളുടെ പിന്നിൽ മുംബൈ കേന്ദ്രീകരിച്ചുള്ള അന്തർസംസ്ഥാന മോഷണ സംഘം ആണെന്ന് മനസിലാക്കി പോലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ പ്രതികൾ ഇടപ്പള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിൽ സമാന രീതിയിൽ മോഷണം നടത്തുകയും അത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് രക്ഷപെടുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചു.

പ്രതികൾ രക്ഷപെട്ട വാഹനം കേന്ദ്രീകരിച്ച് എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ രാജ്കുമാറിന്റെ നേതൃത്വത്തിലുളള ക്രൈം സ്ക്വാഡും മരട് പോലീസും ചേർന്ന് അന്വേഷണം തുടങ്ങി. ഒടുവില്‍ കോഴിക്കോട് സിറ്റി പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ സംസ്ഥാന വ്യാപകമായി മുൻപും നിരവധി തവണ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സമാന രീതിയിൽ മോഷണം നടത്തിയിട്ടുള്ളതതായി ഇവര്‍ പറഞ്ഞു.

മോഷ്ടിച്ചെടുക്കുന്ന സാധനങ്ങള്‍ മുംബൈയിലേക്ക് കടത്തിയിട്ടുള്ളതായി പ്രതികൾ പോലീസിന് മൊഴി നൽകി. മോഷണത്തിനായി ഉപയോഗിച്ച വാഹനവും വില കൂടിയ കാട്രിജുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം ഊർജിതമാക്കി.

Post a Comment

0 Comments